Thursday, 4 February 2016

സഹനം സങ്കീർത്തനമാക്കി…

സഹനം സങ്കീർത്തനമാക്കി…


പലപ്പോഴും നാം ദൈവത്തോട് ചോദി ക്കാറുണ്ട്, 'എന്തുകൊണ്ടാണ് ദൈവം എന്നോട് ഇങ്ങനെ ചെയ്തതനെന്ന്?' എന്നാൽ നമ്മെക്കാൾ വേദനയും ക്ലേശവും അനുഭവിക്കുന്നവർ ക്രിസ്തുവിനോട് ചേർന്ന് സങ്കടങ്ങളെ പ്രത്യാശയുടെ കീർത്തനമാക്കി മാറ്റുന്നത് കാണുമ്പോൾ നമ്മുടെ വേദന നിസാരമെന്ന് വ്യക്തമാകും.




സഹനം  സങ്കീർത്തനമാക്കി…
കുഞ്ഞുമോൻ പുന്നപ്ര എന്ന സുവിശേഷകനെ ഇന്ന് ക്രൈസ്തവരിൽ ഏറെപ്പേരും അറിയും. നെഞ്ചിന് കീഴ്‌പ്പോട്ട് തളർന്നുപോയിട്ടും തന്റെ സഹനത്തെ ദൈവമഹത്വത്തിന് സമർപ്പിച്ചതിലൂടെ അദ്ദേഹം ജനലക്ഷങ്ങൾക്ക് ഇന്ന് പ്രത്യാശ യായി മാറിയിരിക്കുന്നു.
18 വർഷം മുമ്പായിരുന്നു അത്. കുഞ്ഞുമോൻ അന്ന് സഹോദരങ്ങളുമായി ചേർന്ന് ‘സ്റ്റാൻഡേർഡ് പൈൽ ഫൗണ്ടേഷൻ’ എന്ന പേരിൽ ഒരു പൈലിംഗ് സ്ഥാപനം നടത്തുകയാണ്. ഇതിനിടയിൽ സമയം കിട്ടുന്നതനുസരിച്ച് കരിസ്മാറ്റിക് നവീകരണ ക്ലാസുകളിലും പങ്കെടുക്കും. അങ്ങനെ പ്രാർത്ഥനാ ജീവിതവും ജോലിയുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് കുഞ്ഞുമോന്റെ ജീവിതത്തെ തകർത്തുലച്ച ചില സംഭവങ്ങളുണ്ടാകുന്നത്. സഹോദരന്റെ ആകസ്മിക മരണമായിരുന്നു അതിലൊന്ന്. അതിന്റെ വേദന തീരുംമുമ്പേ വേദനാജകനമായൊരു മറ്റൊരു സംഭവമുണ്ടായി.
ഒരിക്കൽ പൈലിംഗ് റിഗ് ഉയർത്തുകയായിരുന്ന പണിക്കാരെ ജ്യേഷ്ഠ സഹോദരൻ സഹായിക്കുന്നത് കുഞ്ഞുമോൻ കണ്ടു. ഭാരമെടുക്കാൻ ക്ലേശിക്കുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് കുഞ്ഞുമോൻ ഓടിച്ചെന്ന് റിഗ് എടുത്ത് സ്വന്തം തോളിലേക്ക് വെച്ചു. എന്നാൽ പെട്ടെന്ന് അതിന്റെ ഭാരത്തിൽ അദ്ദേഹം ഒരു വശത്തേക്ക് ചരിഞ്ഞ് നിലത്തുവീണു. അതോടെ ഭാരക്കട്ടയും അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് പതിച്ചു. ഒരു സോഡ പൊട്ടുന്നപോലുള്ള ശബ്ദമാണ് നെഞ്ചിൽ നിന്നും കുഞ്ഞുമോൻ കേട്ടത്. കടുത്തവേദനയൊന്നും ഉണ്ടായില്ല. ഓടിക്കൂടിയവർ ഉടൻ തന്നെ കുഞ്ഞുമോനെ എടുത്ത് ഒരു പായയിൽ കിടത്തി. അവിടെ കിടന്നപ്പോഴും കുഞ്ഞുമോൻ ദൈവഹിതം തേടി പ്രാർത്ഥിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് തന്റെ നെഞ്ചിൻകൂടിന് കീഴ്‌പോട്ടുള്ള ഭാഗം നിർവീജമായെന്ന് അദ്ദേഹത്തിന് മനസിലാകുന്നത്. എങ്കിലും ദൈവം തന്നെ രക്ഷിക്കുമെന്ന് അദ്ദേഹം ഹൃദയത്തിൽ ഉറച്ച് വിശ്വസിച്ചു. മരുന്നുകളും പ്രാർത്ഥനയുമായി അദ്ദേഹം പിന്നീട് വീട്ടിൽ വിശ്രമിച്ചു. ആ കാലങ്ങളിൽ ധാരാളംപേർ അദ്ദേഹത്തെ കാണാൻ വീട്ടിലെത്തുമായിരുന്നു. ആശ്വസിപ്പിക്കാനെത്തിയവർക്ക് പ്രത്യാശദൂത് പകർന്നാണ് കുഞ്ഞുമോൻ തിരിച്ചയച്ചത്.
എടത്വായിൽനിന്ന് അക്കാലത്ത് ധാരാളം പേർ ഡിവൈനിലേക്ക് ധ്യാനത്തിന് പോകുന്നുണ്ടായിരുന്നു. ഒരു ദിവസം കുഞ്ഞുമോൻ പ്രാർത്ഥിക്കുമ്പോൾ ‘രോഗികൾക്കുള്ള ധ്യാനത്തിൽ സംബന്ധിക്കുക. ഇത് നിന്റെ ജീവിതത്തിന് ഏറെ പ്രതീക്ഷ നൽകും.’ എന്നൊരു സ്വരം കേട്ടു. ‘എത്രയോ തീരാവ്യാധി പിടിപെട്ടവരും കിടപ്പുരോഗികളും ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയി പ്രാർത്ഥിച്ച് സുഖം നേടുന്നു. അങ്ങനെയെങ്കിൽ തന്റെ ഈ വേദനയും കർത്താവ് സുഖപ്പെടുത്തുമെന്ന് ആ സന്ദേശത്തിലൂടെ കുഞ്ഞുമോൻ കരുതി.
യാത്രയ്ക്ക് മുമ്പ് പുതിയ ഷർട്ടും മുണ്ടും അദ്ദേഹം വാങ്ങി. കർത്താവ് സുഖപ്പെടുത്തിയാൽ പുതിയ ഡ്രസ് ധരിച്ച് ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങാമല്ലോ. ഇതായിരുന്നു പദ്ധതി. അങ്ങനെ ഏതാനുംപേരൊടൊപ്പം അദ്ദേഹം ഡിവൈനിലെത്തി ധ്യാനം തുടങ്ങി. ധ്യാനഹാളിന്റെ ഒരു വശത്ത് വീൽചെയറിൽ അദ്ദേഹം ഒതുങ്ങിയിരുന്നു.
ഒന്നുരണ്ട് ദിവസം കടന്നുപോയി. എന്നാൽ യാതൊന്നും സംഭവിച്ചില്ല. വീട്ടുകാരും പ്രാർത്ഥനാഗ്രൂപ്പിൽപ്പെട്ടവരും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ രോഗസൗഖ്യത്തിന് രാപ്പകൽ വീട്ടിൽ പ്രാർത്ഥന അർപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ വെള്ളിയാഴ്ചവരെ ഒന്നും സംഭവിച്ചില്ല.
അതോടെ നിരാശയുടെ കാർമേഘങ്ങൾ അദ്ദേഹത്തിന്റെ മനസിലേക്ക് കടന്നുവരാൻ തുടങ്ങി. വിശ്വാസമില്ലാതിരുന്ന അനേകം രോഗികൾ സുഖപ്പെട്ട് കർത്താവിന് സാക്ഷ്യം പറഞ്ഞ് കടന്നുപോകുന്നത് കുഞ്ഞുമോൻ കണ്ടു. ആത്മീയ ജീവിതം നയിക്കുന്ന തന്നെ മാത്രം എന്തുകൊണ്ട് കർത്താവ് സുഖപ്പെടുത്തുന്നില്ല? എന്ന് അദ്ദേഹം കർത്താവിനോട് പരാതിപ്പെട്ടുകൊണ്ടിരുന്നു. ധ്യാനം കഴിഞ്ഞ് ആഹ്ലാദചിത്തരായി വീട്ടിലേക്ക് മടങ്ങുന്നവരുടെ ഒരുക്കം കണ്ടപ്പോൾ കുഞ്ഞുമോന്റെ ഹൃദയം നീറിപ്പിടഞ്ഞു.
പിറ്റേന്ന് പ്രഭാതത്തിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചശേഷം അദ്ദേഹം വിശുദ്ധബലിക്കണഞ്ഞു. പനയ്ക്കലച്ചനാണ് ബലിയർപ്പിച്ചത്. സുവിശേഷവായനയക്ക് ശേഷം അച്ചൻ പറഞ്ഞു. ”അനേകം രോഗികൾ ഇവിടെ വന്നിട്ടുണ്ട്. കുറെ പേർക്ക് സൗഖ്യം ലഭിച്ചു. കുറെപ്പേർക്ക് സൗഖ്യം കിട്ടിയിട്ടില്ല. സൗഖ്യം കിട്ടാത്തവർ കിട്ടിയവരെക്കാൾ ഭാഗ്യവാന്മാരാണെന്ന് ഞാൻ പറയുന്നു. കാരണം, ഞാൻ ഇപ്പോൾ ഇവിടെ അർപ്പിക്കുന്ന ക്രിസ്തുവിന്റെ ബലിപോലെ, ജീവിതബലിയായി അനേകരുടെ രക്ഷയ്ക്കുവേണ്ടി അർപ്പിക്കുവാൻ അവർ വിളിക്കപ്പെട്ടിരിക്കുകയാണ്. അത് ഏറ്റെടുക്കാനുള്ള കൃപയും ദൈവം അവർക്ക് നൽകുന്നുണ്ട്.”
ഈ വാക്കുകൾ തീക്കനൽ പോലെ അദ്ദേഹത്തിന്റെ ഹൃദയത്തിലിരുന്ന് ജ്വലിച്ചു. ഇതുവരെ സൗഖ്യപ്പെട്ടില്ലെന്ന് ചിന്തിച്ച് വിഷമിച്ചിരുന്ന കുഞ്ഞുമോന്റെ സങ്കടമെല്ലാം അവിടെ തീർന്നു. ക്രിസ്തുവിന്റെ ബലിജീവിതത്തിനായിട്ടാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ബോധ്യം അദ്ദേഹത്തിന് ലഭിച്ചു.
ആഹ്ലാദചിത്തനായി ഡിവൈൻധ്യാനകേന്ദ്രത്തിൽനിന്ന് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ഒരാളുടെ കിടക്കയ്ക്കരികിൽ ചെറിയൊരു ആൾക്കൂട്ടം. അദ്ദേഹം വീൽച്ചെയറുരുട്ടി അങ്ങോട്ട് ചെന്നു. ശരീരം തളർന്നുപോയൊരാളെ കിടക്കയിൽ ഭാര്യ താങ്ങിയിരുത്തി ഭക്ഷണം വാരിക്കൊടുക്കുന്ന രംഗമാണ് അദ്ദേഹം കണ്ടത്. ബഞ്ചമിൻ എന്നായിരുന്നു അയാളുടെ പേര്. അയാളെ കണ്ടപ്പോൾ ഈ അവസ്ഥയക്ക് കാരണമെന്തെന്ന് കുഞ്ഞുമോൻ തിരക്കി. പ്ലാവിൻനിന്നും വീണതാണ ത്രേ അയാൾ. ആ വീഴ്ചയിൽ ശരീരം മുഴുവൻ അനക്കമറ്റു. ഇപ്പോൾ തല മാത്രമേ ചലിക്കുകയുള്ളൂ. എന്നിട്ടും അയാളു ടെ മുഖത്ത് സന്തുഷ്ടി നിറഞ്ഞുനിൽക്കുന്നു.
തന്റെ ജീവിതത്തെ കുഞ്ഞുമോൻ അയാളുടെ ജീവിതവുമായി തട്ടിച്ചുനോക്കി. അപ്പോഴാണ് ദൈവം തനിക്ക് നൽകിയ നന്മ അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുന്നത്. ‘ഹോ.. ദൈവമേ, എനിക്ക് കൈകൾ ചലിപ്പിക്കാം, ഉറക്കെ സംസാരിക്കാം. എന്നാൽ ഇതിനെക്കാൾ എത്രയോ കഷ്ടമാണ് ഇയാളുടെ ജീവിതം.’ എന്നിട്ടും ആ മനുഷ്യന്റെ സന്തുഷ്ടി കുഞ്ഞുമോന്റെ കണ്ണ് തുറപ്പിച്ചു. ആഹ്ലാദ ചിത്തനായ ബഞ്ചമിന്റെ ജീവിതവും കുഞ്ഞുമോനെ ഒരുപാട് പാഠങ്ങൾ പഠിപ്പിക്കുന്നതായിരുന്നു.
സഹനങ്ങളുണ്ടാകുമ്പോൾ പലപ്പോഴും നാം ദൈവത്തോട് ചോദിക്കാറുണ്ട്, ‘എന്തുകൊണ്ടാണ് ദൈവം എന്നോട് ഇങ്ങനെ ചെയ്തതെന്ന്?’ എന്നാൽ നമ്മെക്കാൾ വേദനയും ക്ലേശവും അനുഭവിക്കുന്നവർ ക്രിസ്തുവിനോട് ചേർന്ന് സങ്കടങ്ങളെ പ്രത്യാശയുടെ കീർത്തനമാക്കി മാറ്റുന്നതായി നാം കാണുമ്പോൾ നമ്മുടെ വേദനകൾ എത്ര നിസാരമെന്ന് വ്യക്തമാകും. ക്രിസ്തുവിൽ ഉറച്ച് നിൽക്കുന്നവർ സഹനത്തെ സങ്കീർത്തനമാക്കി മാറ്റുന്നു.
സഹനത്തിന്റെ തീച്ചൂളയിലായിരുന്നപ്പോഴും വിശ്വാസവും പ്രത്യാശയും നഷ്ടപ്പെടാത്ത വ്യക്തിയായിരുന്നു വിശുദ്ധ ഗ്രന്ഥത്തിലെ ജോബ്. മക്കളും സമ്പത്തുമെല്ലാം നഷ്ടപ്പെട്ടവൻ. ദേഹമാസകലം വ്രണം ബാധിച്ച് ശരീരം മുഴുവൻ പൊട്ടിയൊലിക്കുന്ന അവസ്ഥയിൽ ഭാര്യയുടെ പോലും പരിഹാസത്തിന് ഇരയായവൻ. എന്നിട്ടും ജോബ് പറയുന്നു. ”എന്റെ ചർമ്മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽ ഞാൻ ദൈവത്തെ കാണും” (ജോബ് 19:25-26).
ദൈവത്തെ ഹൃദയത്തിൽ ചേർത്ത് നിർത്തുന്നവർ ഏത് പ്രതിസന്ധി നേരിട്ടാലും അതിലൊന്നും പതറില്ല. അതിനാൽ ദൈവത്തിൽ പ്രത്യാശയർപ്പിച്ച് സാത്താൻ ഉയർത്തുന്ന എല്ലാ കോട്ടമതിലുകളെയും ദാവീദിനെപ്പോലെ ചാടിക്കടക്കാനുളള ആഗ്രഹം നമ്മുടെ ഹൃദയത്തിലും ദൈവം നിക്ഷേപിക്കട്ടെ.
കരുണയുള്ളവർ ഭാഗ്യവാന്മാർ
കടൽത്തീരത്തുളള തന്റെ പാടശേഖരത്ത് ജോലി ചെയ്യുകയായിരുന്നു ചൈനക്കാരനായ ഷുങ്. അപ്പോഴാണ് പതിവില്ലാത്തവിധം കടൽത്തിരമാലകളുടെ ശബ്ദം അയാളുടെ ചെവിയിലടിച്ചത്. കടൽ പിൻവാങ്ങുന്ന കാഴ്ചയാണ് അയാൾ കണ്ടത്. വലിയൊരു സുനാമിയുടെ തുടക്കമാണിതെന്ന് അയാൾക്ക് തോന്നി. ‘ഉടനെ എന്തെങ്കിലും ചെയ്യണം. വയലിൽ വിവിധ ജോലികൾ ചെയ്തുകൊണ്ടിരുന്നവരെ കാര്യം പറഞ്ഞ് പിന്തിരിപ്പിക്കാനുള്ള സമയമില്ല.’
പെട്ടെന്നുതന്നെ അയാൾ കുന്നിൻപുറത്തേക്കുളള സ്വന്തം വീട്ടിലേക്ക് ഓടിക്കയറി. ഷുങ് നിലംതൊടാതെ പറക്കുകയായിരുന്നുവെന്ന് പറയാം. അടുപ്പിൽ നിന്നും തീയെടുത്ത് അയാൾ തന്റെ വീടിനു തീവെച്ചു. മാനം മുട്ടെ ഉയരുന്ന പുകയും, തീയും കണ്ട് വയലിൽ ജോലിചെയ്ത സകലരും ഷുങിന്റെ വീട്ടിലേക്കോടി. അതാ കടൽ കയറിവരുന്നു ആ വയലിനെ മുഴുവൻ വിഴുങ്ങി ഉടനെ അത് തിരിച്ചുപോകുകയും ചെയ്തു.
അനേകരുടെ ജീവൻ രക്ഷിച്ച ഷുങിനെ അവർ തോളിലെടുത്ത് നൃത്തം ചെയ്തു. കടപ്പുറത്ത് അന്ന് സ്ഥാപിച്ച ശിലാഫലകത്തിൽ അവർ എഴുതി.”ഞങ്ങളെ രക്ഷിക്കാൻ ഷുങ് തനിക്കുളളതെല്ലാം ഞങ്ങൾക്കായി നൽകി.”’
കരുണയുടെ വർഷമാണിത്. മറ്റുളളവരോട് അളവില്ലാത്തവിധം കാരുണ്യം കാട്ടണമെന്ന് സഭ ഓർമ്മിപ്പിക്കുന്ന വർഷം. ”മിസ്സേരിക്കോർദിയാ” എന്ന ലത്തീൻ പദത്തിന്റെ അർത്ഥം മേഴ്‌സി അഥവാ ഹൃദയത്തിന്റെ അലിവ് എന്നാണ്. അപരന്റെ അനർത്ഥത്തിലുണ്ടാകുന്ന ആർദ്രതയാണത്. ഹെസ്സെദ് (ഒലലെറ) എന്ന സമാന ഹീബ്രുപദത്തിന്റെ ആശയവും അതു തന്നെ. നമ്മുടെ ഇല്ലായ്മകൾ പോലും മറന്ന് മറ്റുളളവരോട് കാട്ടുന്ന കാരുണ്യത്തെ ദൈവം ആദരിക്കും.
ഫ്രാൻസിനെ ശത്രുകരങ്ങളിൽ നിന്നും രക്ഷിച്ച ജോവാൻ ഓഫ് ആർക്കിനെക്കുറിച്ച് കേട്ടിട്ടുള്ളൊരു കഥയുണ്ട്. ഒരു രാത്രിയിൽ ജോവാനും കുടുംബാംഗങ്ങളും അത്താഴം കഴിക്കുകയായിരുന്നു. അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്. പുറത്തു ശക്തിയായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. വാതിൽ തുറന്നപ്പോൾ തണുത്ത കാറ്റ് മുറിക്കുള്ളിലേക്കു കയറി. വാതിലിൽ മുട്ടിയത് ഒരു പ്രായമേറിയ സ്ത്രീയായിരുന്നു. തണുത്ത കാറ്റേറ്റ് അവരുടെ ശരീരം വിറച്ചു.
”വരൂ… അകത്തേക്കു വരൂ…” ജോവാൻ ആ അമ്മച്ചിയുടെ കയ്യിൽ പിടിച്ചു അകത്തേക്കു കയറ്റി.”ആരാ…മോളേ അത്…”അത്താഴം കഴിക്കുന്നതിനിടയിൽ അമ്മ വിളിച്ചുചോദിച്ചു.
”ഒരു പാവം അമ്മൂമ്മയാണമ്മേ.”
ആ സ്ത്രീയും അവരോടൊപ്പം അത്താഴത്തിൽ പങ്കുചേർന്നു.
”’ഈ രാത്രി അമ്മൂമ്മയെ എവിടെ കിടത്തും മോളേ.”’അത്താഴം കഴിഞ്ഞപ്പോൾ അമ്മ ജോവാനോട് രഹസ്യമായി തിരക്കി.
അപ്പോഴാണു ജോവാനും അതെക്കുറിച്ച് ചിന്തിക്കുന്നത്.
വളരെ ചെറിയ വീടായിരുന്നു അവരുടേത്. ഒടുവിൽ ജോവാൻ പറഞ്ഞു. ”അമ്മേ…എന്റെ കിടക്കയിൽ ഈ അമ്മൂമ്മ കിടന്നോട്ടെ….ഞാൻ അടുക്കളയിൽ ഫയർപ്ലെയിസിനരികെ കിടന്നോളാം.”
ത്യാഗത്തിലൂടെയാണ് ജോവാൻ ജനഹൃദയങ്ങളിലിടം നേടിയത്.
‘കരുണയുള്ളവർ ഭാഗ്യവാന്മാർ അവർക്കു കരുണ ലഭിക്കും’ എന്നാണ് യേശു പറഞ്ഞത്? മറ്റുള്ളവരിലേക്ക് അനുകമ്പയായി, ആർദ്രതയായി കടന്നുചെല്ലുന്നതിൽ നാം അലംഭാവം കാട്ടരുത്.
ജീവിക്കുന്നവരുടെ ദൈവം
ഐസക്ക് ന്യൂട്ടനോട് ഒരിക്കൽ ഒരു മനുഷ്യൻ ചോദിച്ചു!!!! ”മണ്ണോട് മണ്ണായിത്തീരുന്ന മനുഷ്യൻ പുനരുത്ഥാനം ചെയ്യുമെന്നു പറഞ്ഞാൽ എങ്ങനെയാണ് വിശ്വസിക്കുക” മറുപടി ഒന്നുംപറയാതെ ന്യൂട്ടൻ കുറെ ഇരുമ്പുതരികളെടുത്ത് മണ്ണിൽ കൂട്ടിക്കുഴച്ചു. എന്നിട്ട് അതിലെ ഇരുമ്പുതരി വേർതിരിക്കാൻ പറഞ്ഞു. ”അത് സാദ്ധ്യമല്ല.” അയാൾ പറഞ്ഞു.
ന്യൂട്ടൻ ഒരു കാന്തംഎടുത്ത് പൊടിക്കു മീതെ പിടിച്ചു. ഇരുമ്പുതരികൾ കാന്തത്തിലേക്ക് ആകർഷിക്കപ്പട്ടു. ന്യൂട്ടൻ പറഞ്ഞു. ”ഒരു കാന്തത്തിന് ഇത്രമാത്രംശക്തി കൊടുത്ത ദൈവത്തിന് മണ്ണോടു മണ്ണായവരെ ഉയർപ്പിക്കാനാവില്ലേ?”അവിടുന്ന് മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണ്…
കൊടുക്കുന്നതേ നമുക്ക് ലഭിക്കൂ….
രണ്ടു ഗ്രാമങ്ങൾക്കു മധ്യത്തിലായി ഒരു ചെറിയ കുന്നുണ്ടായിരുന്നു. ഈ കുന്നിലാണ് സന്യാസിയുടെ താമസം. ഒരിക്കൽ കിഴക്കു ഭാഗത്തുളള ഗ്രാമത്തിൽ നിന്നും ഒരു യുവാവ് കുന്നുകയറി സന്യാസിയുടെ അടുത്തെത്തി. അയാൾ ചോദിച്ചു.
”പടിഞ്ഞാറുളള ഗ്രാമത്തിലെ നാട്ടുകാരെങ്ങനെയുണ്ട് ഗുരോ?”””
”നീ കടന്നു വന്ന നിന്റെ നാട്ടുകാരോ?”’സന്യാസി ചോദിച്ചു.
”അവർ ദുഷ്ടരും ചതിയന്മാരുമാണ്.”’
തന്റെ ഗ്രാമത്തെക്കുറിച്ച് യുവാവിന്റെ അഭിപ്രായം അതായിരുന്നു. സന്യാസി ഒരു നിമിഷം നിശബ്ദമായിരുന്നു.
”ഇതു തന്നെയാണ് കുഞ്ഞേ, ഇവിടെയുള്ളവരുടെയും കാര്യം. അവർ ഒരു പക്ഷേ ചതിയിലൂടെ നിന്നെ വധിക്കാൻ വരെ സാധ്യതയുണ്ട്.”
‘ഏതായാലും ഞാൻ അവടെപ്പോകാൻ തന്നെ നിശ്ചയിച്ചു”. യുവാവ് കുന്നിറങ്ങി താഴേക്ക് പോയി.”
രണ്ടു നാളുകൾക്കുശേഷം പടിഞ്ഞാറു നിന്നും മറ്റൊരു യുവാവ് കുന്നുകയറി സന്യാസിയുടെ അടുത്തെത്തി. അയാൾ പറഞ്ഞു.
”ഗുരോ…ഞാൻ ചരിത്രാന്വേഷിയാണ്. എനിക്ക് കിഴക്കു ഭാഗത്തുളള ഗ്രാമീണരെ കാണാനും പരിചയപ്പെടാനും ആഗ്രഹമുണ്ട്. അവർ എങ്ങനെയുളളവരാണ്?”””
പഴയതുപോലെ സന്യാസി ചോദിച്ചു.” നീ കടന്നു വന്ന നിന്റെ നാട്ടുകാരോ?”
”അവർ വളരെ നല്ലവരാണ്. കരുണയുളള പാവങ്ങൾ.””’
”എങ്കിൽ കുഞ്ഞേ, ഈ ഗ്രാമീണരും നല്ലവരാണ്. അവർ നിന്നെ യഥോചിതം സ്വീകരിക്കും.””
സന്യാസി അയാളെ അനുഗ്രഹിച്ചു. ആദ്യം കുന്നിറങ്ങി പടിഞ്ഞാറേക്ക് പോയ യുവാവിനെ കുറെ ദിവസങ്ങൾ കഴിഞ്ഞ് നാട്ടുകാർ മർദ്ദിച്ച് കുന്നുകയറ്റിവിടുന്നതു സന്യാസി കണ്ടു. എന്നാൽ കിഴക്കോട്ടുപോയ യുവാവിനെ ഗ്രാമീണർ യഥോചിതം സ്വീകരിക്കുന്നതിന് സന്യാസി സാക്ഷിയായി.
നാം എന്തുകൊടുക്കുന്നുവോ അതേ നമുക്ക് തിരിച്ചു കിട്ടുകയുള്ളൂ. ഓസ്‌ട്രേലിയൻ ആദിവാസികളുടെ ആയുധമായി അറിയപ്പെടുന്ന ബൂമറാങ് എന്നൊരു വളഞ്ഞ വടിയുണ്ട്. പന്ത്രണ്ട് ഇഞ്ചുമുതൽ 30 ഇഞ്ചുവരെ ഇതിന് വലുപ്പമുണ്ടാകും. എതിരാളിയെ പരുക്കേല്പിച്ച ശേഷം ആയുധം അതുപോലെ മടങ്ങിയെത്തുമെന്നതാണ് സവിശേഷത. ഏതാണ്ടിതു പോലെയാണു നമ്മുടെ കാര്യവും. നാം നന്മ കൊടുത്താൽ നമുക്ക് നന്മയും തിന്മ കൊടുത്താൽ തിന്മയുമാകും നമുക്ക് പ്രതിഫലമായി ലഭിക്കുന്നത്.
ബനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ (1914-1922) ഒരിക്കൽ, വത്തിക്കാൻ ബാൽക്കണിയിൽ നിന്ന് ജനങ്ങളെ ആശീർവദിക്കവേ ഒരാൾ അദ്ദേഹത്തിന്റെ നേർക്കു വെടിവച്ചു. ഉന്നം പിഴച്ചതുകൊണ്ട് മാർപാപ്പായ്ക്ക് വെടിയേറ്റില്ല. ജനങ്ങളും പോലീസും കൂടി ഉടൻ അക്രമിയെ പിടികൂടി ജയിലിൽ അടച്ചു. പിന്നീട്, മാർപാപ്പായുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തെ സ്വതന്ത്രനാക്കി. അക്രമി കണ്ണീരോടെ തന്റെ തെറ്റുകൾക്ക് പാപ്പയോട് മാപ്പു ചോദിച്ചു. മാർപാപ്പ പറഞ്ഞു: ”സാരമില്ല കുഞ്ഞേ, ഞാൻ ആശീർവ്വദിച്ചപ്പോൾ നിന്നെയും നിന്റെ നിറ തോക്കിനെയും ആശീർവദിച്ചിരുന്നു. അതുകൊണ്ടാണ,് വെടിയുണ്ട വർഷിക്കാൻ അതിനു കഴിയാതെ വന്നത്-അനുഗ്രഹവർഷമായി അത് എന്റെ പക്കൽ തിരിച്ചെത്തിയത്.”
”കൊടുക്കുവിൻ നിങ്ങൾക്ക് ലഭിക്കും” എന്നത് ദൈവവചനമാണ്. ഒരുപക്ഷേ കൊടുത്തവർ തന്നില്ലെങ്കിലും ആരിലൂടെയെങ്കിലും എവിടെനിന്നെങ്കിലും നമുക്ക് തിരികെ ലഭിക്കും.
നമ്മുടെ സംസാരം, പ്രവൃത്തി ഇവ മറ്റുള്ളവർക്ക് എന്തുമാത്രം സന്തോഷവും ആദരവും നൽകുന്നതാണെന്ന് ചിന്തിക്കണം. സ്വാർത്ഥത, അഹങ്കാരം, മുറിപ്പെടുത്തുന്ന സംസാരരീതി, അസഹിഷ്ണുത ഇതൊക്കെ മറ്റുള്ളവരെ നമ്മിൽനിന്നും അകറ്റുന്നതാണ്. കാരണം ഈ സ്വഭാവങ്ങളൊന്നും മറ്റുളളവർക്ക് സന്തോഷം നൽകുന്നില്ല. അതിനാൽ നമ്മുടെ ജീവിതത്തിൽ മാറ്റം വരുത്താൻ തയ്യാറായാൽ മറ്റുള്ളവരിൽ നിന്നും സന്തോഷം നമ്മിലേക്ക് പ്രവഹിക്കും. അതിനാൽ മറ്റുള്ളവർക്ക് സന്തോഷം നൽകുവാൻ ഇപ്പോഴേ തീരുമാനിക്കുക.
‘നല്ല വൃക്ഷമേ നല്ല ഫലം പുറപ്പെടുവിക്കുകയുള്ളൂ.” അക്രമം ഒന്നിനും ഉത്തരമല്ല. ഗുരു അരുളിച്ചെയ്തതുപോലെ ”വാളെടുക്കുന്നവൻ വാളാൽത്തന്നെ നശിക്കും.” (മത്താ. 26-52)
വലിയ വില
അധ്യാപകൻ ക്ലാസിൽ പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിനിടയിലാണ് കുട്ടികളിൽ ചിലർ പുസ്തകം പൊതിഞ്ഞിരുന്ന ബി.എം.ഡബ്ല്യു കാറിന്റെ പടം നോക്കി സംസാരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. സരസനായ അധ്യാപകൻ ഉടൻ കുട്ടികളോട് ചോദിച്ചു.
”പുകവലിയും ബി.എം.ഡബ്ല്യു കാറും തമ്മിലെന്താണ് ബന്ധം. തോമസുകുട്ടി പറയൂ..?”
തോമസ്‌കുട്ടി: ”രണ്ടിനും വലിയ വില കൊടുക്കേണ്ടി വരും സാറേ?”

No comments:

Post a Comment