മാലാഖമാർ നമ്മെ സഹായിക്കുമോ?

മാലാഖമാർ നമ്മെ സഹായിക്കുമോ?
ഇടവക ധ്യാനത്തിനിടയിൽ കുട്ടികൾ മാതാ പിതാക്കളുടെ ശ്രദ്ധ നഷ്ടപ്പെടുത്താതിരിക്കാൻ സംഘാടകർ കുഞ്ഞുങ്ങളെയെല്ലാം മറ്റൊരു ഹാളിൽ ഒന്നിച്ചുകൂട്ടി. ഈ കുഞ്ഞിപ്പൈതങ്ങൾക്ക് കഥകളും ദൈവവചനവും ഈണത്തിൽ ചൊല്ലിക്കൊടുത്തത് ഒരു സിസ്റ്ററായിരുന്നു. നഗരത്തിലെ ഉയർന്ന സ്‌കൂളുകളിൽ പഠിക്കുന്ന ചുണക്കുട്ടികളായിരുന്നു അവിടെയുണ്ടായിരുന്നവർ. കാവൽ മാലാഖയെക്കുറിച്ചൊരു പാട്ട് സിസ്റ്റർ പാടിയപ്പോൾ കുട്ടികൾ കയ്യടിച്ച് കൂടെപ്പാടി. എന്നാൽ പിന്നീട് മാലാഖമാരെക്കുറിച്ചായി അവരുടെ സംശയങ്ങൾ. ”മാലാഖമാർ ഇപ്പോഴുമുണ്ടോ? അവർ മായാവിയെപ്പോലെ കുട്ടികളെ തോളിലേറ്റിയാണോ വരുന്നത്? അതോ കുന്തത്തിലാണോ യാത്രചെയ്യുന്നത്? ആരെങ്കിലും ഇവരെ കണ്ടിട്ടുണ്ടോ?” കുട്ടികളുടെ ഇമ്മാതിരി ചോദ്യം കേട്ട് സിസ്റ്റർ വിളറിപ്പോയി. കുട്ടികളിൽനിന്നും ഇങ്ങനെയുള്ള ചോദ്യാവലിയൊന്നും സിസ്റ്റർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് മാലാഖമാരെക്കുറിച്ച് പിന്നീട് വിശദീകരിച്ച് തരാമെന്ന് പറഞ്ഞ് സിസ്റ്റർ തടിതപ്പാൻ നോക്കിയപ്പോഴാണ് ഒരു യുവവൈദികൻ അതുവഴി വന്നത്. അദ്ദേഹം കുട്ടികളുടെ പ്രശ്‌നത്തിൽ ഇടപെട്ടു. മാലാഖമാരെക്കുറിച്ച് പറയും മുമ്പ് അദ്ദേഹം ലിയോ പതിമൂന്നാമൻ മാർപാപ്പയെക്കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്. കുട്ടികൾ ശ്രദ്ധയോടെ കേട്ടിരുന്നു.
”ഒരിക്കൽ ലിയോ പതിമൂന്നാമൻ മാർപാപ്പ തന്റെ സ്വകാര്യ ചാപ്പലിൽ വിശുദ്ധ ബലിയർപ്പിക്കുകയായിരുന്നു. ‘സ്വർഗ്ഗസ്ഥനായ പിതാവേ….” എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ആരോ പിടിച്ചു കെട്ടിയതുപോലെ അദ്ദേഹം നിശ്ചലം നിന്നു. തന്റെ മുന്നിൽ കണ്ട എന്തോ ഒന്നിലേക്ക് നിശ്ചേഷ്ടനായി അദ്ദേഹം നോക്കിനിന്നു. ഭയംകൊണ്ട് അദ്ദേഹത്തിന്റെ മുഖം വിളറിവെളുത്തിരുന്നു. ഒരു മാത്ര കഴിഞ്ഞ് പാപ്പാ ഉച്ചത്തിൽ ചോദിച്ചു: ”സഭയ്ക്ക് രക്ഷപെടാൻ യാതൊരു മാർഗവുമില്ലേ?”
ഏതോ ദർശനത്തിലായിരുന്നു അദ്ദേഹം. അത് അവസാനിച്ചതോടെ പൂർവ്വസ്ഥിതിയിലായ പാപ്പാ വിശുദ്ധബലി പൂർത്തിയാക്കി. തുടർന്ന് മുറിയിലെത്തിയ ശേഷമാണ് അദ്ദേഹം വിശുദ്ധ മിഖായേലിനോടുള്ള പ്രശസ്തമായ പ്രാർത്ഥന എഴുതുന്നത്.
താൻ കണ്ട ദർശനത്തെക്കുറിച്ച് ആത്മീയ പിതാവിനോടു മാത്രമേ പാപ്പാ പങ്കുവച്ചുള്ളൂ. തുടർന്ന് രണ്ടാം ലോകമഹായുദ്ധാനന്തരമാണ് ഇക്കാര്യമെല്ലാം പുറംലോകം അറിയുന്നത്. ഇതേക്കുറിച്ച് ഇറ്റാലിയൻ ദിനപ്പത്രമായ ‘സെറ്റിമന സെൽ ക്ലെറോ’ നൽകിയ വിവരണം ഇപ്രകാരമാണ്: ”വിഭജിതമായ ലോകത്തെയാണ് പാപ്പാ ദർശിച്ചത്. അസംഖ്യം വരുന്ന പൈശാചികരൂപങ്ങൾ ലോകത്തിലേക്ക് കടന്നുവരുന്നു. സംഘർഷങ്ങൾ, യുദ്ധം, വിപ്ലവം എന്നിവയ്ക്ക് ഈ ശക്തികൾ നേതൃത്വം നൽകുന്നു. രക്തത്തിൽ ഭൂമി നനയുന്നു; സഭയെ പ്രതിനിധീകരിക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ആയിരക്കണക്കിന് പൈശാചിക രൂപങ്ങൾ തള്ളിക്കയറുന്ന ദൃശ്യവും മാർപാപ്പ പിന്നീട് കണ്ടു. സഭ തകരുന്ന അവസ്ഥയാണ് അദ്ദേഹം ദർശിച്ചത്. ഈ സമയത്താണ് ‘സഭയ്ക്ക് രക്ഷപെടാൻ യാതൊരു മാർഗവുമില്ലേ’ എന്ന് പാപ്പാ നിലവിളിച്ചത്. തുടർന്നുള്ള ദർശനത്തിൽ ഊരിയവാളുമായി സ്വർഗത്തിൽ നിന്നിറങ്ങിവന്ന പ്രധാന ദൂതനായ മിഖായേൽ, പിശാചുക്കളുമായി യുദ്ധത്തിലേർപ്പെട്ട് അവയെ പരാജയപ്പെടുത്തുന്നതും ഭൂമി പിളർന്ന് പിശാചുക്കൾ പിൻവലിയുന്നതും അദ്ദേഹം കണ്ടു. ഈ ദർശനം വിവരിച്ച അച്ചൻ തുടർന്ന് മാലാഖാമാരുടെ ശക്തിയെക്കുറിച്ചും കുട്ടികളോട് വിശദീകരിച്ചു. അവർക്ക് സന്തോഷമായി.
ഈ സംഭവം എന്നോട് വിവരിച്ച അച്ചൻ ഇത്രയും കൂട്ടിച്ചേർത്തു. ”മാലാഖമാരെക്കുറിച്ച് ഇന്ന് നമ്മുടെ കുട്ടികൾ അജ്ഞരാണ്. അതിനാൽ അവർ കുട്ടിച്ചാത്തനിലും മായാവിയിലുമൊക്കെയാണ് ആശ്വാസം കണ്ടെത്തുന്നത്. പ്രതിസന്ധിഘട്ടത്തിൽ ഇത്തരം ‘മായാവികൾ’ ഓടിയെത്തുമെന്ന് അവർ ആശ്വസിക്കുന്നു.”
ഓർത്തുനോക്കിയപ്പോൾ അച്ചൻ പറഞ്ഞത് ശരിയാണെന്ന് തോന്നി. കാർട്ടൂണുകളും കമ്പ്യൂട്ടർ ഗെയിമുകളുമാണല്ലോ കുട്ടികൾക്ക് ഏറെയിഷ്ടം. എന്നാൽ ഇതിലെല്ലാം പൈശാചികരൂപങ്ങളാണ് കഥാപാത്രങ്ങൾ. ഇത്തരം കാഴ്ചകൾ വളരെയേറെ കാണുന്ന കുട്ടികളുടെ മനസിൽനിന്നും ദൈവവിശ്വാസം നഷ്ടപ്പെടുന്നു. പകരം അവിടെ തിന്മ ചേക്കേറുന്നു. എന്നാൽ അവരെ വിശ്വാസത്തിലേക്കും നന്മയിലേക്കും നയിക്കാൻ കഴിയുന്ന മാലാഖമാരെക്കുറിച്ചുള്ള കാർട്ടൂണുകളോ ഗെയിമുകളോ പുസ്തകങ്ങളോ ഒന്നും വ്യാപകമായി പ്രചരിക്കുന്നില്ലെന്ന് പറയാം. അതുകൊണ്ട് കുട്ടികളിന്നും കാവൽമാലാഖമാരെ തിരിച്ചറിയുന്നില്ല. വിഷമഘട്ടത്തിൽ മാലാഖയുടെ സഹായം ചോദിക്കുന്നില്ല. നമ്മുടെ മതബോധനമേഖലയും ക്രിസ്ത്യൻ മീഡിയകളും മാലാഖമാരെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം. എങ്കിൽ അവരുടെ ജീവിതം കൂടുതൽ പ്രകാശമാനമാകുമെന്ന് തീർച്ച.
ഇനി വധശിക്ഷ വേണ്ട
ജീവന് വേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്നൊരു വാർത്തയായിരുന്നു സെപ്തംബർ ഒന്നിന് വന്നത്. എന്നാൽ ഇതിന് ആവശ്യമായ വാർത്താ പ്രാധാന്യം മാധ്യമങ്ങൾ നൽകിയോ എന്ന കാര്യത്തിൽ മാത്രമാണ് സംശയം. രാജ്യത്ത് വധശിക്ഷ നിർത്തലാക്കുന്ന വിഷയത്തിൽ അനുകൂല നിലപാട് ദേശീയ നിയമ കമ്മീഷൻ സ്വീകരിച്ചതായിരുന്നു ആ വാർത്ത. തീവ്രവാദക്കേസുകളിൽ ഒഴികെ മറ്റുകേസുകളിൽ വധശിക്ഷ വേണ്ടെന്നുവെക്കാനാണ് ദേശീയ നിയമ കമ്മീഷൻ ശിപാർശ ചെയ്തിരിക്കുന്നത്. ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി ഷാ അധ്യക്ഷനായ കമ്മീഷനാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് ഈ കരട് റിപ്പോർട്ട് സമർപ്പിച്ചത്.
വധശിക്ഷ ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെന്നും ഇന്ത്യ ഉൾപ്പെടെ 59 രാജ്യങ്ങളിലാണ് വധശിക്ഷ നിലനിൽക്കുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. കേസുകളിൽ അവസാന ന്യായവിധി പ്രതികാര ബുദ്ധിയോടെ പകരം വീട്ടുന്ന തരത്തിലുള്ളതാവരുതെന്നും റിപ്പോർട്ടിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
ഏറെ നാളായി കത്തോലിക്കാ സഭയും മനുഷ്യാവകാശ സംഘടനകളുമൊക്കെ വധശിക്ഷ നിർത്തലാക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തുകയാണ്. ഇങ്ങനെ ധാരാളം പേർ വധശിക്ഷയ്‌ക്കെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചത്.
‘കൊല്ലരുത്’ എന്ന ദൈവകൽപന ക്രിസ്ത്യാനിക്ക് മാത്രമല്ല, ജീവനെ മാനിക്കുന്ന ഏതൊരാൾക്കും വേണ്ടിയുള്ളതാണ്. എവിടെ മനുഷ്യാവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ അവിടെയെല്ലാം ഊന്നിപ്പറയുന്ന കാര്യം ജീവിക്കാനുള്ള മനുഷ്യന്റെ അടങ്ങാത്ത ത്വരയെക്കുറിച്ചാണ്. ഇതായിരിക്കാം വധശിക്ഷ നടപ്പിലാക്കിയ മിക്ക രാഷ്ട്രങ്ങളും ഓരോ വർഷവും അവയുടെ എണ്ണത്തിൽ കുറവ് വരുത്തുന്നത്. ‘ജീവനെ മാനിക്കുക’ എന്ന സഭയുടെ ദർശനത്തെ ലോകം അംഗീകരിച്ച് തുടങ്ങിയിരിക്കുന്നു. ഭാരതവും അത് ഏറ്റെടുത്തിരിക്കുന്നു. ഇതിന് ദൈവത്തിന് നന്ദി പറയാം. ദേശീയ നിയമ കമ്മീഷന്റെ നിലപാടുകളെ നമുക്ക് സ്വാഗതം ചെയ്യാം.
നമ്മുടെ വീടുകളിൽ ഉണ്ടാകേണ്ട ബോർഡ്
മദ്യം ഘട്ടംഘട്ടമായി നിർത്തുമെന്ന് സർക്കാർ ആവർത്തിച്ച് പറയുമ്പോഴും മദ്യം സുലഭമാണ് എന്നതാണ് യാഥാർഥ്യം. മുമ്പൊക്കെ മദ്യപാനം അതീവ രഹസ്യമായിരുന്നെങ്കിൽ ഇന്നത് ഫാഷനായി മാറി. നമ്മുടെ യുവജനങ്ങളിൽ നല്ലൊരു പങ്കും മദ്യത്തിന് പിന്നാലെയാണെന്ന് തെളിയിക്കുന്നതായിരുന്നല്ലോ സമീപകാല കാമ്പസ് സംഭവങ്ങളെല്ലാം.
ഏതാനും നാൾ മുമ്പ് തൃശൂരിലെ പ്രഫഷണൽ കോളജിലെ ഹോസ്റ്റലിൽ മദ്യസൽക്കാരം നടത്തിയതിന് നാല് ആൺകുട്ടികളെ വാർഡൻ പിടികൂടുകയും മാതാപിതാക്കളെ വിളിപ്പിക്കുകയും ചെയ്തു. കാര്യം അറിഞ്ഞപ്പോൾ കുട്ടികളുടെ അപ്പന്മാർ പൊട്ടിച്ചിരിച്ചു. ഈ നിസാരകാര്യത്തിനാണോ ഞങ്ങളുടെ സമയം മെനക്കെടുത്തിയതെന്നായിരുന്നു അവരുടെ ചോദ്യം. വീട്ടിൽ ഈ അപ്പന്മാരാണത്രേ മക്കൾക്ക് മദ്യം ഒഴിച്ചുകൊടുക്കുന്നത്. അതിനാൽ കുട്ടികൾ ചെയ്തത് തെറ്റായി കാണാൻ അവർക്ക് കഴിയുന്നില്ല. ഇത്തരം കാര്യം പറഞ്ഞ് ഇനി ഞങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കോളജ് അധികൃതർക്ക് താക്കീതും നൽകിയാണ് അപ്പന്മാർ മടങ്ങിയത്. ലക്ഷങ്ങൾ മുടക്കി മക്കൾക്ക് പ്രഫഷണൽ വിദ്യാഭ്യാസം നൽകുമ്പോൾ ക്രിസ്തീയമൂല്യങ്ങൾ ബലികഴിക്കപ്പെടുന്നത് ഇന്ന് സർവ്വ സാധാരണമാകുന്നു.
അധികമില്ല; കുറച്ച് മാത്രം ക്രിസ്മസിനോ ഈസ്റ്ററിനോ കഴിക്കുന്നതിൽ തെറ്റുണ്ടോ? എന്നായിരുന്നു കാഞ്ഞിരപ്പള്ളിയിലെ ഒരു കുടുംബിനി ഒരിക്കൽ പ്രശസ്ത ധ്യാനഗുരു ഫാ. ജയിംസ് മഞ്ഞാക്കലിനോട് ചോദിച്ചത്. ഇത്തിരിയിൽ തുടങ്ങിയാൽ ഒത്തിരിയിലേ അവസാനിക്കുകയുള്ളൂവെന്ന് അച്ചനറിയാം. അതുകൊണ്ട് അല്പം ഗൗരവത്തോടെഅച്ചൻ പ്രതികരിച്ചു: ”അമ്മച്ചിക്ക് അഞ്ച് പെൺമക്കളല്ലേ? ക്രിസ്മസിനും ഈസ്റ്ററിനും മാത്രം പെൺമക്കളെ വേശ്യാവൃത്തിക്ക് വിടുന്നതിൽ തെറ്റുണ്ടോ?”അച്ചന്റെ മറുചോദ്യം കേട്ട് അമ്മച്ചിയുടെ വാക്കുമുട്ടി. ഇതുപോലെ ഒരിക്കലോ വല്ലപ്പോഴുമോ മാത്രം മദ്യം കഴിച്ചാലും അത് മദ്യസേവ തന്നെ. ആഘോഷങ്ങളിൽ മാത്രമേ മദ്യപിക്കൂ എന്നു പറയുന്നവരോട് ഇത്തിരിയാകാമെന്നല്ല, ഒട്ടും പറ്റില്ലെന്നാണ് ഇടയന്മാർ പഠിപ്പിക്കേണ്ടത്.
വിവാഹം, ആദ്യകുർബാന തുടങ്ങിയ ചടങ്ങുകളോട് അനുബന്ധിച്ചാണ് നമ്മുടെ കുടുംബങ്ങളിൽ മദ്യം വ്യാപകമാകുന്നത്. അതുകൊണ്ട് മദ്യത്തിനെതിരെ ഇടവകജനത്തെ ശക്തമായി ഉദ്‌ബോധിപ്പിക്കാൻ ഓരോ വൈദികർക്കും കടമയുണ്ട്.
ഇരിങ്ങാലക്കുട രൂപതയിലെ ഒരു ഇടവകയിൽ ആദ്യകുർബാന സമയങ്ങളിൽ എല്ലാ വീടുകളിലും ഒരു ബോർഡ് തൂക്കിയിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്.. ”ഞങ്ങളുടെ വീട്ടിൽ മദ്യം കയറ്റില്ല” എന്നായിരുന്നു അതിലെഴുതിയിരുന്നത്. ബോർഡു വായിച്ച് മദ്യം വേണ്ടെന്ന് വച്ചത് ധാരാളം പേരാണ്. എല്ലാ ഇടവകകളിലും ഇത്തരം ബോർഡുകൾ തൂങ്ങട്ടെ. മദ്യപാനത്തിൽനിന്നും നമ്മുടെ കുടുംബങ്ങൾ വിമുക്തി പ്രാപിക്കട്ടെ.
ജീവിതവിജയത്തിന് 10 കല്പനകൾ
വിജയിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്? ഇതിനായി നിരവധി കോഴ്‌സുകളിലോ സെമിനാറുകളിലോ പങ്കെടുക്കുന്നതിൽ അർത്ഥമില്ല. ഏതാനും ചില കാര്യങ്ങളിലുള്ള പരിശ്രമവും ദൈവത്തിലുള്ള ആശ്രയവും മതി വിജയത്തിന്. ജീവിതവിജയത്തിന് അനുയോജ്യമായ വഴികളെക്കുറിച്ച് വാട്‌സ്ആപിലൂടെ പ്രചരിക്കപ്പെട്ട ചില നിർദ്ദേശങ്ങൾ ചുവടെ; ആർക്കെങ്കിലും പ്രയോജനപ്രദമാകുമെന്ന് കരുതി വായനക്കാർക്ക് ഷെയർ ചെയ്യുന്നു.
• എന്തു കാര്യം ചെയ്യുമ്പോഴും ‘എനിക്ക് ഇത് ചെയ്യാൻ കഴിയും’ എന്ന ആത്മവിശ്വാസത്തോടെ ചെയ്യുക.
• ചെയ്യാനുറപ്പിച്ച കാര്യത്തിൽ നിശ്ചയദാർഢ്യം ഉണ്ടായിരിക്കുക.
• കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിനൊപ്പം ദൈവത്തിലുള്ള അചഞ്ചല വിശ്വാസം കാത്തുസൂക്ഷിക്കണം.
• ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി മുൻകൂട്ടി പ്ലാൻ ചെയ്യണം.
• ഇപ്പോൾ ചെയ്യുന്ന ജോലിയെക്കാൾ നല്ലതാണ് മറ്റൊരു ജോലി എന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ അങ്ങോട്ടോടരുത്.
• ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ യുക്തിസഹമായി പ്രസന്നവദനരായി പ്രവർത്തിക്കുക.
• ഓരോ ദിനാന്ത്യത്തിലും ആ ദിനത്തെക്കുറിച്ച് ആത്മപരിശോധന ചെയ്യുക.
• വായനയിലൂടെയും ബന്ധങ്ങളിലൂടെയും അറിവു നേടാനുള്ള അവസരങ്ങൾ പരമാവധി ഉപയോഗിക്കുക.
• ശ്രദ്ധക്കുറവ്, എടുത്തുചാട്ടം അരുത്.
• സമയത്തിന് അമൂല്യവില കൽപിക്കുക.
ജീവിതത്തിൽ വിജയിക്കണമെങ്കിൽ ദൈവാശ്രയത്തോടൊപ്പം ഇത്രയും കാര്യങ്ങൾ മതി.
കഥയും കാര്യവും
കഥയുടെ ചക്രവർത്തിയായി അറിയപ്പെടുന്ന ഈസോപ്പ് യജമാനന്റെ കീഴിൽ അടിമയായി ജോലി ചെയ്യുന്ന കാലം. ആ യജമാനന് ഈസോപ്പിനെക്കൂടാതെ മറ്റൊരു അടിമകൂടിയുണ്ടായിരുന്നു.
ഒരിക്കൽ യജമാനൻ ഈസോപ്പിനെയും രണ്ടാമത്തെ അടിമയേയും കൂടി അത്തിപ്പഴം വാങ്ങാൻ മാർക്കറ്റിലേക്ക് അയച്ചു. ഈസോപ്പ് വിക്കനും വിരൂപനുമായിരുന്നു. തന്റെ കൂട്ടുകാരന് ശരിയാംവണ്ണം സംസാരിക്കാൻ പോലും സാധിക്കില്ലെന്നു മനസ്സിലാക്കിയ രണ്ടാമത്തെ അടിമ, യജമാനനുവേണ്ടി വാങ്ങിയ അത്തിപ്പഴം മുഴുവൻ വഴിനീളെ തിന്നു. ഒടുവിൽ യജമാനന്റെ വീട്ടിലെത്തിയപ്പോഴേക്കും കൂടയിൽ അത്തിപ്പഴം ഒന്നും ബാക്കിയുണ്ടായിരുന്നില്ല. കാര്യം തിരക്കിയ യജമാനനോട്, അതുമുഴുവൻ ഈസോപ്പു തിന്നുവെന്ന് രണ്ടാമൻ വിവരിച്ചു. രോഷാകുലനായ യജമാനൻ ചാട്ടവാറെടുത്ത് ഈസോപ്പിനെ പ്രഹരിക്കാൻ തുനിഞ്ഞു. പെട്ടെന്ന് ഈസോപ്പ് കൈകൾ കൂപ്പി, തനിക്കൊരു അഞ്ച് നിമിഷം തരണം എന്നാംഗ്യം കാട്ടി. യജമാനൻ സമ്മതിച്ചു.
ഈസോപ്പ് അടുക്കളയിലേക്കോടി. രണ്ട് ചെറിയ മൺപാത്രങ്ങളിൽ വെള്ളവുമായി വന്നു. അതിൽ രണ്ടിലും സമം ഉപ്പുചേർത്ത് നന്നായി ഇളക്കി. അതിലൊന്ന് ഈസോപ്പെടുത്ത് കുടിച്ചു. രണ്ടാമത്തെ പാത്രത്തിലെ വെള്ളം കുടിക്കാൻ മറ്റേ അടിമയും നിർബന്ധിതനായി. ഉപ്പുവെള്ളം കുടിച്ചപ്പോൾ രണ്ടുപേരും ഛർദ്ദിച്ചു. ഈസോപ്പ് കുറെ വെള്ളമല്ലാതെ മറ്റൊന്നും ഛർദ്ദിച്ചില്ല. എന്നാൽ മറ്റേ അടിമയാകട്ടെ കഴിച്ച അത്തിപ്പഴം മുഴുവൻ ഛർദ്ദിച്ചു. അങ്ങനെ കള്ളിവെളിച്ചത്തായി.
ബുദ്ധിപൂർവ്വം സത്യം തെളിയിച്ച ഈസോപ്പിനെ യജമാനൻ അഭിനന്ദിച്ചു. കള്ളം പറഞ്ഞ് കൂട്ടുകാരനെ പ്രതിയാക്കിയ മറ്റേ അടിമയെ ശിക്ഷിക്കുകയും ചെയ്തു.
ഈസോപ്പിന്റെ കഥയിൽ രണ്ട് തരം ജ്ഞാനം നമുക്ക് കാണാം. ഒന്ന് ഭൗതികജ്ഞാനവും രണ്ടാമത്തേത് ആത്മജ്ഞാനവും. ഭൗതിക ജ്ഞാനമുള്ള അടിമ സംസാര വൈകല്യമുളള ഈസോപ്പിനേക്കാൾ താൻ ബുദ്ധിമാനാണെന്ന് ഭാവിച്ചു. അതുകൊണ്ട് അവൻ യജമാനന് വേണ്ടി വാങ്ങിയ അത്തിപ്പഴം തിന്നിട്ട് ആ കുറ്റം ഈസോപ്പിന്റെമേൽ ചുമത്താൻ ശ്രമിച്ചു. എന്നാൽ ആത്മജ്ഞാന ത്താൽ ഈസോപ്പ് അതിനെ അതിജീവിച്ചു.
ഭൗതികജ്ഞാനികൾ കഴിവിൽ അഹങ്കരിക്കുന്നു. എന്നാൽ ആത്മജ്ഞാനമുള്ളവർ വിവേകത്തോടെ കാര്യങ്ങൾ ക്രമീകരിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നു. ധാരാളം വിളവ് ലഭിച്ച ധനികൻ പറയുന്നു, ‘ഇനി ഞാൻ എന്തു ചെയ്യും? ഞാൻ തിന്നു കുടിച്ച് ആനന്ദിക്കും. എന്നാൽ ദൈവം അദ്ദേഹത്തെ വിളിച്ചു. ഭോഷാ, ഈ രാത്രിയിൽ നിന്റെ ആത്മാവിനെ തിരികെ എടുത്താൽ ഈ കരുതിവച്ചിരിക്കുന്നതുകൊണ്ട് നിനക്ക് എന്തു ഫലം?’ ആ രാത്രി ദൈവം അയാളുടെ ആത്മാവിനെ തിരികെ വിളിച്ചു. മനുഷ്യൻ ഭൗതികജ്ഞാനത്തിൽ അഹങ്കരിക്കുമ്പോൾ ദൈവം അവന്റെ ഭോഷത്തത്തെയോർത്ത് ചിരിക്കുന്നു.
ദൈവത്തെയും മനുഷ്യനെയും മറന്ന് പണത്തിനും പ്രതാപത്തിനും പിന്നാലെ പോകുന്നവർ, ജനത്തെ കബളിപ്പിക്കുന്നവർ, മിശ്രവിവാഹങ്ങൾ നടത്തുന്നവർ, പരദൂഷണം പറഞ്ഞു നാടെങ്ങും നടക്കുന്നവർ….ഇങ്ങനെയുളള അനേകം പേർ ആത്മജ്ഞാനത്തിന്റെ മൂല്യമറിയാത്തവരാണ്. പക്ഷേ, അത് തിരിച്ചറിയുമ്പോഴേക്കും വലിയ നഷ്ടങ്ങൾ സംഭവിച്ചിരിക്കും.
ആത്മജ്ഞാനത്തിനുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത്. അപ്പോൾ മാത്രമേ ഭൗതികജ്ഞാനത്തിന് പ്രസക്തിയുണ്ടാവുകയുള്ളൂ…
കുട്ടി കരയുന്നതിന് കാരണം
ഇലക്ഷൻ ദിവസം പോളിംഗ്ബുത്തിന് മുന്നിൽ നിന്ന് കരയുന്ന ബാലനോട് പോലീസ് ഓഫീസർ ചോദിച്ചു.
”എന്തിനാണ് കുട്ടീ, നീ കരയുന്നത്?”
കുട്ടി: ”അച്ഛനും അങ്കിളും മരിച്ചുപോയി സർ..”
പോലീസ്: ”കഷ്ടം! എപ്പോഴായിരുന്നു?”
കുട്ടി: ”മരിച്ചിട്ട് ആറേഴു കൊല്ലമായി….”
പോലീസ്: ”എന്നിട്ട് ഇപ്പോഴെന്തിനാ കരയുന്നത്?”
കുട്ടി: ”ഇന്ന് എന്റെ അച്ഛനും അങ്കിളും ഇവിടെ വോട്ട് ചെയ്യാൻ വന്നതായി അറിഞ്ഞു. എന്നിട്ടും അവർ വീട്ടിലേക്ക് വന്നില്ലല്ലോന്ന് ഓർത്താ കരയുന്നത്…”.
No comments:
Post a Comment