Saturday, 13 February 2016

മരണാനന്തര ജീവിതം, ഭാഗം എന്താണ് തനതുവിധി?

മരണാനന്തര ജീവിതം, ഭാഗം 1 : എന്താണ് തനതുവിധി? നമ്മുടെ ജീവിതത്തില്‍ നാം ധാരാളം യാത്രകള്‍ ചെയ്യാറുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങുവാനായി തൊട്ടടുത്ത കടയിലേക്ക് നടത്തുന്ന യാത്രയാവട്ടെ, ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് നടത്തുന്ന യാത്രയാവട്ടെ, നമ്മുടെ ഓരോ യാത്രകൾക്കും നമുക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ലക്‌ഷ്യം അറിഞ്ഞു കൂടാതെയുള്ള യാത്ര, അതില്‍ തന്നെ അര്‍ത്ഥശൂന്യമാണ്. ലക്ഷ്യം മാറുന്നതനുസരിച് നമ്മുടെ യാത്രയുടെ സ്വഭാവവും മാറുന്നു. ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിത യാത്രയും. നാം എന്തിനാണ് ഈ ഭൂമിയില്‍ ജീവിക്കുന്നത്? നമ്മുടെ ജീവിത യാത്രയുടെ ലക്ഷ്യമെന്താണ്‌? ചരിത്രത്തിലുടനീളം മനുഷ്യന്‍ ചോദിക്കുന്ന ചോദ്യമാണിത്. മനുഷ്യന് നന്മയുടെ മൂല്യങ്ങള്‍ പകർന്നു നല്‍കുന്ന ധാരാളം മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇന്ന് ഈ ഭൂമിയിലുണ്ട്. അത്യാധുനിക കണ്ടുപിടുത്തങ്ങള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ശാസ്ത്രം പ്രപഞ്ചത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ശാസ്ത്രലോകവും ഒരു ചോദ്യത്തിനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു. ആ ചോദ്യമാണ് 'മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു?' ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുവാൻ ആർക്കും സാധിക്കുന്നില്ല. ഈ ഭൂമിയിലെ മനുഷ്യന്‍റെ ജീവിതം എന്തിനെ ലക്ഷ്യം വച്ചുള്ളതാണ്. അല്ലെങ്കില്‍ മരണശേഷം അവന്‍റെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യങ്ങള്‍ ഇല്ലാതെ വരുന്ന മനുഷ്യന്‍, അവന്‍റെ ജീവിതം ഈ ഭൂമിയില്‍ വച്ചുതന്നെ സുഖിച്ചു തീര്‍ക്കുവാന്‍ വെമ്പല്‍കൊള്ളുന്നു. അതുകൊണ്ടാണ് ഈ ആധുനിക ലോകത്ത് മനുഷ്യന്‍ പണത്തിനും പ്രശസ്തിക്കും സുഖസൗകര്യങ്ങള്‍ക്കും പിന്നാലെ പരക്കം പായുന്നത്, അതിനുവേണ്ടി മത്സരിക്കുന്നത്, അതിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാനോ വേണ്ടിവന്നാല്‍ കൊല ചെയ്യാന്‍ പോലുമോ മടി കാണിക്കാത്തത്. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവിന് എന്ത് സംഭവിക്കുന്നു എന്ന്‍ വ്യക്തമായ ബോധ്യമുണ്ടാകുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതത്തിന്‍റെ സ്വഭാവം തന്നെ മാറുന്നു. ഓരോ മനുഷ്യന്‍റെയും ഈ ഭൂമിയിലെ ജീവിതത്തിന്‍റെ ലക്ഷ്യം സ്വര്‍ഗ്ഗ രാജ്യമാണ് എന്ന് ബൈബിൾ വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ നിരവധി ക്രിസ്ത്യാനികള്‍ പോലും ഈ വലിയ സത്യം മനസ്സിലാക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ പ്രാര്‍ത്ഥനകളും മറ്റ് ആത്മീയ പ്രവര്‍ത്തികളും ഈ ലോക ജീവിതത്തിന്‍റെ സുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ ഇപ്പോള്‍ അനുഭവിക്കുന്ന സുഖങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനോ വേണ്ടി മാത്രമായി ചുരുങ്ങുന്നു. നാം എന്തിനുവേണ്ടിയാണ്‌ ക്രിസ്തുവില്‍ വിശ്വസിക്കുന്നത്? നമ്മുടെ ഈ ഭൂമിയിലെ ജീവിതം കൂടുതല്‍ സമ്പല്‍സമൃദ്ധമാകുവാന്‍ വേണ്ടി മാത്രമാണോ? എങ്കില്‍ നമുക്കു തെറ്റു പറ്റിയിരിക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നത്. "ഈ ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്" (1 കൊറി 15:19). പിന്നെ എന്തിനുവേണ്ടിയാണ് നാം ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിക്കേണ്ടത്? എന്താണ് നമ്മുടെ ജീവിതത്തിന്‍റെ ലക്ഷ്യം? മരണശേഷം നമ്മുടെ ആത്മാവിന് എന്തു സംഭവിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ബൈബിളിനു മാത്രമേ സാധിക്കൂ. മരണാനന്തര ജീവിതത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ കത്തോലിക്കാ സഭ വളരെ വ്യക്തമായ പ്രബോധനങ്ങള്‍ നല്‍കുന്നുണ്ട്. മരണശേഷം ഒരു മനുഷ്യന്‍റെ ആത്മാവ് കടന്നുപോകുന്ന അവസ്ഥകള്‍ ഇപ്രകാരമാണെന്ന് സഭ പഠിപ്പിക്കുന്നു. 1. തനതുവിധി 2. സ്വര്‍ഗ്ഗം 3. ശുദ്ധീകരണസ്ഥലം 4. നരകം 5. ശരീരത്തിന്റെ ഉയിർപ്പ് 6. അന്ത്യവിധി 7. പുതിയ ആകാശവും പുതിയ ഭൂമിയും എന്താണ് തനതുവിധി? 'തനതുവിധി' എന്നത്, ഒരു മനുഷ്യന്‍ മരിക്കുന്ന നിമിഷം തന്നെ സംഭവിക്കുന്നതാണ്. ഇത് അന്ത്യവിധിയില്‍ നിന്നും വ്യത്യസ്ഥമാണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ ശരീരത്തില്‍ നിന്നും വേര്‍പെടുന്ന ആത്മാവ് ഉടനെതന്നെ സ്വീകരിക്കുന്ന അവസ്ഥയാണ് തനതുവിധി. ജീവിതകാലത്തെ അവന്‍റെ വിശ്വാസത്തിനും പ്രവര്‍ത്തിക്കും അനുസരിച്ചു ലഭിക്കുന്ന പ്രതിഫലമാണിത്. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍ നാം ഇപ്രകാരം കാണുന്നു. "ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്‍മാര്‍ അവനെ അബ്രഹാത്തിന്‍റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ചു അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു" (ലൂക്കാ 16: 22-23). ഇവിടെ ഒരു കാര്യം യേശു വ്യക്തമായി പഠിപ്പിക്കുന്നു. ലാസറിന്‍റെയും ധനികന്‍റെയും തനതുവിധി, അവരുടെ വിശ്വാസത്തിനും പ്രവര്‍ത്തിക്കും അനുസരിച്ചുള്ള പ്രതിഫലം മരണം കഴിഞ്ഞ് ഉടനെതന്നെ സംഭവിക്കുന്നു. "മനുഷ്യനെ അവന്‍റെ മരണത്തില്‍ ദൈവം തന്നിലേക്കു വിളിക്കുന്നു" (CCC 1011). അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ, തനതുവിധിയെ മുന്നില്‍ കണ്ടുകൊണ്ട് "എന്‍റെ ആഗ്രഹം മരിച്ച് ക്രിസ്തുവിനോടു കൂടെ ആയിരിക്കാനാണ്‌" (ഫിലിപ്പ് 1:23) എന്നു വെളിപ്പെടുത്തുന്നത് . വീണ്ടും യേശു കുരിശില്‍ കിടന്നുകൊണ്ട് നല്ല കള്ളന് നല്‍കിയ വാഗ്ദാനം തനതുവിധിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നു. "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോട് പറയുന്നു, നീ ഇന്ന് എന്നോടു കൂടെ പറുദീസയില്‍ ആയിരിക്കും" (ലൂക്കാ 23:43). ഇവിടെ യേശു നല്ല കള്ളനോട് 'അന്ത്യവിധി ദിവസം പറുദീസായിലേക്ക് കൂട്ടിക്കൊണ്ടുപോകും' എന്നല്ല പറയുന്നത് "ഇന്ന് നീ എന്നോടു കൂടെ പറുദീസായില്‍ ആയിരിക്കും" എന്നാണ്. സഭയുടെ പ്രബോധനം പരിശുദ്ധാത്മാവ്, തനതുവിധിയെക്കുറിച്ച് കത്തോലിക്കാ സഭയിലൂടെ നല്‍കുന്ന പ്രബോധനം ഇപ്രകാരമാണ്. "ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്ക്കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിനു മരണം അന്ത്യം കുറിക്കുന്നു. ഓരോ വ്യക്തിയും മരണം കഴിഞ്ഞ് ഉടനെ‍തന്നെ തന്‍റെ പ്രവൃത്തികള്‍ക്കും വിശ്വാസത്തിനും അനുസൃതമായി പ്രതിഫലം സ്വീകരിക്കുമെന്ന് പുതിയ നിയമം പലപ്പോഴും ഉറപ്പിച്ചു പറയുന്നുണ്ട്. ദരിദ്രനായ ലാസറിന്‍റെ ഉപമയും, ക്രിസ്തു കുരിശില്‍ കിടന്ന് നല്ല കള്ളനോട് പറഞ്ഞ വാക്കുകളും അതുപോലെതന്നെ പുതിയ നിയമത്തിലെ മറ്റുപല ഭാഗങ്ങളും ആത്മാവിന്‍റെ ഭാഗധേയത്തെപ്പറ്റി - ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കാവുന്ന അന്തിമ ഭാഗധേയത്തെപ്പറ്റി - പറയുന്നുണ്ട്. ജീവിതസായാഹ്നത്തില്‍ സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ നീ പരിശോധിക്കപ്പെടും. ഓരോ മനുഷ്യനും തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ തന്‍റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം" (CCC 1021-1022). ബൈബിളും സഭയുടെ പ്രബോധനങ്ങളും ഒരു കാര്യം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. മരണത്തിനുശേഷം ഉടനെ തന്നെ ആത്മാവ് സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്ന മൂന്ന്‍ അവസ്ഥകളില്‍ ഏതെങ്കിലും ഒരു അവസ്ഥ സ്വീകരിക്കുന്നു. ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും പൂര്‍ണ്ണമായ വിശുദ്ധിയില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു. വിശുദ്ധരുടെ ജീവിതത്തിലൂടെ അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ഇപ്രകാരം പറയുന്നു "എന്നിൽ സജീവ ജലമുണ്ട്; എന്‍റെ ഉള്ളില്‍ നിമന്ത്രിക്കുകയും പിതാവിന്‍റെ അടുക്കലേക്കു വരിക എന്നു മൊഴിയുകയും ചെയ്യുന്ന ജലം." തന്റെ മരണ സമയത്ത് St Teresa of Avila ദൈവത്തോട് ഇപ്രകാരം പറഞ്ഞു "എനിക്ക് അങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു". വിശുദ്ധ സ്തേഫാനോസ് തന്റെ മരണ സമയത്ത് ഇപ്രകാരം പറയുന്നതായി നടപടി പുസ്തകം സാക്ഷ്യ പ്പെടുത്തുന്നു- " ഇതാ സ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു... അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊള്ളണമേ" (അപ്പ 7:56,59). മരണം മുന്നിൽ കണ്ട നിമിഷത്തിൽ St Therese of Lisieux ഇപ്രകാരമാണ് പറഞ്ഞത് "ഞാന്‍ മരിക്കുകയല്ല, ജീവനിലേക്കു പ്രവേശിക്കുകയാണ്." മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം സഭയുടെ ആരാധനക്രമത്തില്‍ സവിശേഷമായി പ്രകാശിപ്പിക്കപ്പെടുന്നു. "കര്‍ത്താവേ, അങ്ങേ വിശ്വസ്തരുടെ ജീവിതത്തിനു മാറ്റം വരുന്നു. അത് അവസാനിക്കുന്നില്ല. ഞങ്ങളുടെ ഭൗമിക വാസം അവസാനിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ശാശ്വതമായ വാസസ്ഥലം നേടുന്നു" (CCC 1012). യേശുക്രിസ്തുവിൽ വിശ്വസിക്കുകയും എന്നാൽ പൂര്‍ണ്ണമായി വിശുദ്ധി പ്രാപിക്കുകയും ചെയ്യാത്ത വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ "ശുദ്ധീകരണസ്ഥലം" എന്ന അവസ്ഥയിലേക്ക് പ്രവേശിക്കുന്നു. സ്വര്‍ഗ്ഗീയ ആനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതുവരെ അവര്‍ ഈ അവസ്ഥയില്‍ കഴിയുന്നു. ഈ ആത്മാക്കള്‍ക്കു വേണ്ടിയാണ് ജീവിച്ചിരിക്കുന്നവരായ നമ്മുടെ പ്രാര്‍ത്ഥനകളും ത്യാഗപ്രവൃത്തികളും ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഒരു മനുഷ്യായുസ്സു മുഴുവന്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടും ദൈവത്തില്‍ വിശ്വസിക്കാനും മാനസാന്തരപ്പെടാനും ജീവിതാവസാനംവരെ വിസമ്മതിച്ച്‌ മാരകമായ പാപത്തിന്റെ അവസ്ഥയിൽ മരിക്കുന്ന ആത്മാക്കള്‍ മരണം കഴിഞ്ഞ് ഉടനെതന്നെ നരകത്തിലേക്ക് പ്രവേശിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടി കരുതി വച്ചിരിക്കുന്ന "ശമിക്കാത്ത അഗ്നിയുടെ" സ്ഥാനമായ "ഗേഹന്ന" യെപ്പറ്റി യേശു കൂടെക്കൂടെ പറയുന്നുണ്ട് എന്ന വലിയ സത്യം നാം അറിഞ്ഞിരിക്കണം. അതുകൊണ്ട് ഈ ലോക ജീവിതത്തെ നാം കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നിത്യതയുമായി തുലനം ചെയ്യുമ്പോള്‍ നമ്മുടെ ഈ ഭൂമിയിലെ ജീവിതം എത്രയോ ചെറുതാണ്. എന്നാല്‍ ഈ ചെറിയ ജീവിതത്തില്‍ നാം എന്ത് വിശ്വസിക്കുന്നു. എന്ത് പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് നമ്മുടെ മരണനിമിഷത്തെ ഭാഗധേയം നിശ്ചയിക്കുന്നത്. മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കുക ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കായി നല്‍കപ്പെട്ട ഏകനാമമായ യേശുക്രിസ്തുവിലൂടെ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കാനും തിരസ്ക്കരിക്കാനും ഓരോ മനുഷ്യനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിനുവേണ്ടി അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്തിന് മരണം അന്ത്യം കുറിക്കുന്നു. അതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ പുതിയ തീരുമാനങ്ങളെടുക്കാം. അതിനായി നമുക്ക് ചിന്തിക്കാം. ഇന്നു നാം മരിച്ചാല്‍ നമ്മുടെ ആത്മാവിന്‍റെ തനതുവിധി എന്തായിരിക്കും? സ്വര്‍ഗ്ഗമോ, ശുദ്ധീകരണസ്ഥലമോ അതോ ശരീരവും ആത്മാവും നഷ്ടപ്പെടുന്ന നരകമോ? "മരണം മനുഷ്യന്‍റെ ഭൗമിക തീര്‍ത്ഥാടനത്തിന്‍റെ അവസാനമാണ്. ദൈവികപദ്ധതിക്കനുസരണമായി തന്‍റെ ഭൗമിക ജീവിതം നയിക്കാനും, തന്‍റെ പരമമായ ഭാഗധേയത്തെ നിശ്ചയിക്കാനുമായി ദൈവം നല്‍കുന്ന കൃപാവരത്തിന്‍റെയും കാരുണ്യത്തിന്‍റെയും സമയത്തിന്‍റെയും അന്ത്യമാണ് മരണം. 'ഭൗമിക ജീവിതത്തിന്‍റെ ഒരേയൊരു യാത്ര' പൂര്‍ത്തിയായിക്കഴിയുമ്പോള്‍ നാം മറ്റു ഭൗമിക ജീവിതങ്ങളിലേക്കു തിരിക്കുന്നില്ല. മനുഷ്യന്‍ ഒരിക്കല്‍ മരിക്കണമെന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. മരണത്തിനു ശേഷം പുനര്‍ജന്മമില്ല" (CCC 1013) എന്ന് സഭ വളരെ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. "നമ്മുടെ മരണത്തിന്‍റെ മണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കാന്‍ സഭ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തിനിയായില്‍ സഭ, "പെട്ടെന്നുള്ളതും മുന്‍കൂട്ടി കാണാത്തതുമായ മരണത്തില്‍ നിന്ന്‍, കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കണമേ" എന്നു പ്രാര്‍ത്ഥിക്കുന്നു. നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയിൽ "ഞങ്ങളുടെ മരണസമയത്തു" ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ എന്ന്‍ ദൈവമാതാവിനോടു പ്രാര്‍ത്ഥിക്കാനും സൗഭാഗ്യപൂര്‍ണ്ണമായ മരണത്തിന്‍റെ മധ്യസ്ഥനായ വി.യൌസേപ്പിനു നമ്മെത്തന്നെ ഭരമേല്പ്പിക്കാനും സഭ ആവശ്യപ്പെടുന്നു" (CCC 1014). തുടരും... 1. എന്താണ് സ്വര്‍ഗ്ഗം? 2. എന്താണ് ശുദ്ധീകരണസ്ഥലം? 3. എന്താണ് നരകം? 4. എന്താണ് അന്ത്യവിധി? 5. എന്താണ് ശരീരത്തിന്റെ ഉയിർപ്പ്? 6. എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും?

മരണാനന്തര ജീവിതം, ഭാഗം 2: എന്താണ് സ്വർഗ്ഗം? സ്വന്തം ലേഖകൻ 19-02-2016 - Friday 'സ്വർഗ്ഗം' എന്ന പദം നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ധാരാളമായി കേള്‍ക്കാറുണ്ട്. നന്മയും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ഒരു അവസ്ഥയെ സൂചിപ്പിക്കുവാനായി ഇന്ന്‍ ഈ പദം, സര്‍വ്വസാധാരണയായി മതങ്ങളും കലാകാരന്മാരും, എഴുത്തുകാരും ഉപയോഗിക്കുന്നു. അതുകൊണ്ട്തന്നെ സ്വര്‍ഗ്ഗത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിൽ ഇന്ന് പലരും മനസ്സിലാക്കുന്നില്ല. എന്നാല്‍ ക്രിസ്തു "സ്വര്‍ഗ്ഗം" എന്ന പദത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്‌ എന്ന്‍ പുതിയ നിയമത്തില്‍ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. സ്വര്‍ഗ്ഗരാജ്യത്തെ വയലില്‍ ഒളിച്ചു വച്ചിരിക്കുന്ന നിധിയോടും വിലയേറിയ രത്നങ്ങളോടുമാണ് യേശുക്രിസ്തു ഉപമിക്കുന്നത്. ഈ നിധിയും രത്നങ്ങളും കണ്ടെത്തുന്നവന്‍ തനിക്കുള്ളതെല്ലാം വിറ്റ് അതു സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. അവിടുന്ന്‍ ഇപ്രകാരമാണ് പറയുന്നത്: "സ്വര്‍ഗ്ഗരാജ്യം, വയലില്‍ ഒളിച്ചു വച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചു വയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗ്ഗരാജ്യം നല്ല രത്നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു" (മത്തായി 13:44-46). ഇവിടെ ഒരു കാര്യം വ്യക്തമാണ്. സ്വര്‍ഗ്ഗം എന്നത് വെറും ഒരു നൈമിഷിക സന്തോഷമല്ല; തനിക്കുള്ളതെല്ലാം വിറ്റു പോലും സ്വന്തമാക്കേണ്ട ഒന്നാണ്. സ്വര്‍ഗ്ഗത്തെ പിതാവിന്‍റെ ഭവനമായും (യോഹ 14:2), ദൂതന്മാര്‍ പിതാവായ ദൈവത്തിന്‍റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയായും (മത്തായി 18:11) ക്രിസ്തു വെളിപ്പെടുത്തുമ്പോള്‍ അതിന്‍റെ മഹത്വവും അതിലെ സന്തോഷവും കേവലം മനുഷ്യ മനസ്സുകള്‍ക്ക് ഗ്രഹിക്കാവുന്നതിനും എത്രയോ അപ്പുറമാണ് എന്ന്‍ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് മനസ്സിലാക്കാനുള്ള മനുഷ്യ മനസ്സിന്‍റെ പരിമിതികളെ നാം അംഗീകരിച്ചാല്‍ മാത്രമേ 'എന്താണ് സ്വര്‍ഗ്ഗം?' എന്ന വിഷയത്തെക്കുറിച്ച് നമുക്ക് ധ്യാനിക്കാന്‍ സാധിക്കൂ. "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യ മനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല" (1 കൊറി 2:9). ഇവിടെ പൗലോസ്ശ്ലീഹാ ഒരു കാര്യം വ്യക്തമായി പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗരാജ്യം എന്നത് നാം ഈ ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ കേവലം മനുഷ്യമനസ്സുകള്‍ കൊണ്ട് ഗ്രഹിക്കാനോ നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിച്ചറിയാനോ കഴിയുന്ന ഒന്നല്ല. മനുഷ്യ മനസ്സിന്റെ ഈ പരിമിതികളെ മുന്നിൽകണ്ടുകൊണ്ട്‌ വിശുദ്ധ ഗ്രന്ഥം സ്വർഗ്ഗത്തെ പറ്റി 'പ്രതീകങ്ങളി'ലൂടെയാണ് സംസാരിക്കുന്നത്. സ്വർഗ്ഗം- ദൈവത്തിന്റെ സൃഷ്ടി ഉത്പത്തി പുസ്തകം ആരംഭിക്കുന്നതു തന്ന "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (God created Heaven and Earth)" എന്ന വചനത്തോടെയാണ്. "ദൈവം ആകാശത്തിന്‍റെയും ഭൂമിയുടേയും സൃഷ്ടാവാകുന്നു (Creater of Heaven and Earth)" എന്ന് അപ്പസ്തോലന്മാരുടെ വിശ്വാസ പ്രമാണത്തില്‍ നാം ഏറ്റു പറയുന്നു. അതുപോലെതന്നെ "ദൈവം ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സൃഷ്ടാവാകുന്നു (all that is, seen and unseen)" എന്ന്‍ നിക്യാ-കോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുപറയുന്നു. ഉൽപത്തി പുസ്തകത്തിലും, വിശ്വാസപ്രമാണത്തിലും ഉപയോഗിക്കുന്ന Heaven അല്ലെങ്കില്‍ ആകാശം എന്ന പദത്തിന്‍റെ അര്‍ത്ഥം എന്താണെന്ന്‍ കത്തോലിക്കാ സഭ വ്യക്തമായി പഠിപ്പിക്കുണ്ട്. മാനുഷികമായ നമ്മുടെ നയനങ്ങൾക്ക് ഇന്ന് കാണുവാൻ കഴിയാത്തതും എന്നാൽ മരണശേഷം നാം പൂർണ്ണമായി മനസ്സിലാക്കുന്നതുമായ, ഓരോ മനുഷ്യനും ഈ ലോകത്തിൽ വച്ചുതന്നെ ഒരുങ്ങേണ്ടതും ലക്ഷ്യം വയ്ക്കേണ്ടതുമായ രണ്ടു സുപ്രധാന അർത്ഥതലങ്ങൾ, വിശുദ്ധ ഗ്രന്ഥത്തിലും വിശ്വാസ പ്രമാണത്തിലും ഉപയോഗിചിരിക്കുന്ന 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദത്തിനുണ്ട് എന്ന് സഭ പഠിപ്പിക്കുന്നു. അത് ഇപ്രകാരമാണ്- ഒന്നാമതായി, 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദം ദൈവസന്നിധിയില്‍ വ്യാപരിക്കുന്ന ആത്മീയ സൃഷ്ടികളായ മാലാഖമാരുടെ സ്ഥാനത്തെയും, പിതാവായ ദൈവത്തിന്‍റെ വാസസ്ഥാനത്തെയും സൂചിപ്പിക്കുന്നു. രണ്ടാമതായി, 'സ്വര്‍ഗ്ഗം' (ആകാശം) എന്ന പദം യുഗാന്ത്യ മഹത്വമായ "സ്വര്‍ഗ്ഗ"ത്തെയും സൂചിപ്പിക്കുന്നു (CCC 326). ഇതില്‍ ആദ്യം പ്രതിപാദിച്ച സ്വര്‍ഗ്ഗം; അതായത് പിതാവായ ദൈവത്തിന്‍റെ വാസസ്ഥാനത്തെ ക്രിസ്തുവുമായി ബന്ധപ്പെടുത്തിക്കൊണ്ട് കത്തോലിക്കാ സഭ നിര്‍വചിക്കുന്നത് ഇപ്രകാരമാണ്- "കന്യകാമറിയത്തോടും മാലാഖമാരോടും സകലവിശുദ്ധരോടും ഒപ്പം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈക ദൈവത്തോടൊന്നിച്ചുള്ള പൂര്‍ണ്ണമായ ജീവിതത്തെ സ്വര്‍ഗ്ഗം എന്നു വിളിക്കുന്നു" (CCC 1024). ഇങ്ങനെ മരണശേഷം നാം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമ്പോഴും നമ്മുടെ ആത്മാക്കള്‍ക്ക് യഥാര്‍ത്ഥമായ വ്യക്തിത്വവും പേരും ഉണ്ടായിരിക്കും എന്ന് ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ പഠിപ്പിക്കുന്നു. (ccc 1025). വചനം ഇപ്രകാരമാണ് പറയുന്നത് "വിജയം വരിക്കുന്നവന് ഞാന്‍ നിഗൂഢ മന്ന നല്‍കും. അവന് ഞാന്‍ ഒരു വെള്ളക്കല്ലും കൊടുക്കും; അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീകരിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല. (വെളിപാട് 2:17) ഈ ലോകജീവിതത്തില്‍ വച്ചു തന്നെ ത്രിത്വത്തിന്‍റെ വാസസ്ഥാനമാകാന്‍ നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരണശേഷം നമ്മുടെ ആത്മാവ് പരിശുദ്ധ ത്രിത്വവുമായി പരിപൂര്‍ണ്ണമായ ഐക്യത്തില്‍ പ്രവേശിക്കുന്നു. ഇവിടെ ഒരു കാര്യം നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. വിശുദ്ധ ഗ്രന്ഥത്തിന്‍റെ ആദ്യത്തെ വാക്യത്തില്‍ തന്നെ ദൈവം സ്വര്‍ഗ്ഗവും ഭൂമിയും സൃഷ്ടിച്ചു എന്നു പറയുന്നുവെങ്കില്‍ ഭൂമി പോലെതന്നെ സത്യവും യഥാര്‍ത്ഥവുമായ ഒന്നാണ് സ്വര്‍ഗ്ഗം. ദൈവം സൃഷ്ടിച്ച ദൃശ്യമായ ഭൂമി നമുക്ക് ഇന്ന് അനുഭവിച്ചറിയാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ദൈവം തന്നെ സൃഷ്ടിച്ച അദൃശ്യമായ സ്വര്‍ഗ്ഗം നമുക്ക് ഒരിക്കല്‍ അനുഭവിച്ചറിയുവാന്‍ സാധിക്കുക തന്നെ ചെയ്യും. മരണം- സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ ഓരോ മനുഷ്യനും തന്‍റെ മരണത്തിന്‍റെ നിമിഷത്തില്‍ത്തന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്‍റെ അമര്‍ത്യമായ ആത്മാവില്‍ തന്‍റെ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു. ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കില്‍ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം" (CCC 1021-1022). ബൈബിളും സഭയുടെ പ്രബോധനങ്ങളും ഒരു കാര്യം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. മരണത്തിനുശേഷം ഉടനെ തന്നെ ആത്മാവ് സ്വര്‍ഗ്ഗം, നരകം, ശുദ്ധീകരണസ്ഥലം എന്ന മൂന്ന്‍ അവസ്ഥകളില്‍ ഏതെങ്കിലും ഒരു അവസ്ഥ സ്വീകരിക്കുന്നു. ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും പൂര്‍ണ്ണമായ വിശുദ്ധിയില്‍ മരിക്കുന്ന ഒരു വ്യക്തിയുടെ ആത്മാവ് ഉടനെതന്നെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നു. തന്റെ മരണ സമയത്ത് St Teresa of Avila ദൈവത്തോട് ഇപ്രകാരം പറഞ്ഞു "എനിക്ക് അങ്ങയെ കാണണം. അതിനായി ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു". വിശുദ്ധ സ്തേഫാനോസ് തന്റെ മരണ സമയത്ത് ഇപ്രകാരം പറയുന്നതായി നടപടി പുസ്തകം സാക്ഷ്യപ്പെടുത്തുന്നു- " ഇതാ സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ഞാൻ കാണുന്നു... അപ്പോൾ അവൻ പ്രാർത്ഥിച്ചു: കർത്താവായ യേശുവേ എന്റെ ആത്മാവിനെ കൈക്കൊള്ളണമേ" (അപ്പ 7:56,59). മരണം മുന്നിൽ കണ്ട നിമിഷത്തിൽ St Therese of Lisieux ഇപ്രകാരമാണ് പറഞ്ഞത് "ഞാന്‍ മരിക്കുകയല്ല, ജീവനിലേക്കു പ്രവേശിക്കുകയാണ്." മരണത്തെക്കുറിച്ചുള്ള ക്രൈസ്തവ വീക്ഷണം സഭയുടെ ആരാധനക്രമത്തില്‍ സവിശേഷമായി പ്രകാശിപ്പിക്കപ്പെടുന്നു. "കര്‍ത്താവേ, അങ്ങേ വിശ്വസ്തരുടെ ജീവിതത്തിനു മാറ്റം വരുന്നു. അത് അവസാനിക്കുന്നില്ല. ഞങ്ങളുടെ ഭൗമിക വാസം അവസാനിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ശാശ്വതമായ വാസസ്ഥലം നേടുന്നു" (CCC 1012). സഭയോടും കൂദാശകളോടും ചേർന്ന് നിന്നുകൊണ്ട്, വിശുദ്ധിയിൽ ജീവിക്കുന്ന ഒരു ക്രൈസ്തവന്‍ മരിക്കുമ്പോൾ ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ ഒരു വലിയ ഉറപ്പ് നല്കുന്നുണ്ട്. ആ ഉറപ്പ്‌ എന്താണന്ന് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കണം തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനവുമായി മരണത്തെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു: "നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക. നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക. നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ. നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ. ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ. നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ... നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ" (CCC 1020). സ്വർഗ്ഗത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം "ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുകയും പൂര്‍ണ്ണമായി വിശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനോടു കൂടെ എന്നേയ്ക്കും ജീവിക്കുന്നു. അവര്‍ എന്നേയ്ക്കും ദൈവത്തെപ്പോലെയാണ്, എന്തെന്നാല്‍ "അവിടുന്ന്‍ ആയിരിക്കുന്നതുപോലെ" അവര്‍ അവിടുത്തെ മുഖാമുഖം കാണുന്നു. ദൈവത്തിന്‍റെ പൊതുഹിതമനുസരിച്ച്, എല്ലാ വിശുദ്ധരുടെയും... ക്രിസ്തുവിന്‍റെ വിശുദ്ധ മാമോദീസ സ്വീകരിച്ചതിനു ശേഷം മരിച്ച മറ്റു വിശ്വാസികളുടെയും ആത്മാക്കള്‍, അവര്‍ മരിക്കുമ്പോള്‍ അവര്‍ക്കു വിശുദ്ധീകരണത്തിന്‍റെ ആവശ്യമില്ലായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്ക് അപ്പോള്‍ കുറെ വിശുദ്ധീകരണത്തിന്‍റെ ആവശ്യമുണ്ടായിരിക്കുകയോ, ഭാവിയില്‍ അത് ആവശ്യമായി വരുകയോ ചെയ്യുമെങ്കില്‍, മരണാനന്തരം അവര്‍ ശുധീകരണ സ്ഥലത്തിലൂടെ വിശുദ്ധീകരിക്കപ്പെട്ടതിനുശേഷം... അവര്‍ തങ്ങളുടെ ശരീരം വീണ്ടും സ്വീകരിക്കുന്നതിനു മുന്‍പും പൊതുവായ അന്ത്യവിധിക്കു മുന്‍പും ക്രിസ്തുവിനോടു കൂടെ, വിശുദ്ധ മാലാഖമാരുടെ സമൂഹത്തോടൊത്തു സ്വര്‍ഗ്ഗത്തില്‍, സ്വര്‍ഗ്ഗ രാജ്യത്തില്‍, സ്വര്‍ഗ്ഗീയ പറുദീസയില്‍ ആയിരിക്കും. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പീഡാസഹനവും മരണവും മുതല്‍ ഈ ആത്മാക്കള്‍, ദൈവികസത്തയെ മുഖാമുഖമായി, യാതൊരു സൃഷ്ടിയുടെയും മധ്യവര്‍ത്തിത്വം കൂടാതെ ആന്തരികമായ ദര്‍ശനം വഴി കാണുകയും ചെയ്യുന്നു. പരിശുദ്ധ ത്രിത്വത്തോടൊപ്പമുള്ള പൂര്‍ണ്ണമായ ഈ ജീവിതം - കന്യകാമറിയത്തോടും മാലാഖമാരോടും എല്ലാ വിശുദ്ധരോടുമൊപ്പമുള്ള ത്രിത്വത്തിന്‍റെയും സ്നേഹത്തിന്‍റെയും സംസര്‍ഗ്ഗം - "സ്വര്‍ഗ്ഗ" മെന്നു വിളിക്കപ്പെടുന്നു. അഗാധതമങ്ങളായ മാനുഷികാഭിലാഷങ്ങളുടെ പരമാന്ത്യവും നിറവേറലുമാണ് സ്വര്‍ഗം. പരമവും സുനിശ്ചിതവുമായ സന്തോഷത്തിന്‍റെ അവസ്ഥയാണത്. സ്വര്‍ഗത്തില്‍ ജീവിക്കുക എന്നതു "ക്രിസ്തുവിനോടുകൂടെ ആയിരിക്കുക" എന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടവര്‍ "അവിടുന്നില്‍" ജീവിക്കുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ യഥാര്‍ത്ഥമായ വ്യക്തിത്വവും തങ്ങളുടെതന്നെ പേരും നിലനിര്‍ത്തുന്നു. അഥവാ കണ്ടെത്തുന്നു. ക്രിസ്തുവിനോടു കൂടെ ആയിരിക്കുക എന്നതാണ് ജീവിതം. കാരണം, ക്രിസ്തു എവിടെയോ അവിടെയാണ് രാജ്യം. തന്‍റെ മരണവും ഉത്ഥാനവും വഴി ഈശോമിശിഹാ നമുക്കായി സ്വര്‍ഗം തുറന്നു. ക്രിസ്തു പൂര്‍ത്തിയാക്കിയ രക്ഷയുടെ ഫലങ്ങള്‍ തികവോടും പൂര്‍ണതയോടും കൂടി സ്വന്തമാക്കുന്നതിലാണ് അനുഗൃഹീതരുടെ ജീവിതം അടങ്ങിയിരിക്കുന്നത്. അവിടുന്നില്‍ വിശ്വസിക്കുകയും അവിടുത്തെ ഇഷ്ടത്തോടു വിശ്വസ്തത പുലര്‍ത്തുകയും ചെയ്തവരെ അവിടുന്ന്‍ തന്‍റെ സ്വര്‍ഗ്ഗീയ മഹത്വീകരണത്തില്‍ പങ്കുകാരാക്കുന്നു. പരിപൂര്‍ണ്ണമായി അവിടുന്നിലേക്ക് ഒന്നുചേര്‍ന്നവരുടെ അനുഗൃഹീത സമൂഹമാണ് സ്വര്‍ഗം. ദൈവത്തോടും ക്രിസ്തുവിലുള്ള എല്ലാവരോടൊപ്പമുള്ള ഭാഗ്യപ്പെട്ട സംസര്‍ഗ്ഗത്തിന്‍റെ ഈ രഹസ്യം എല്ലാ ഗ്രഹണശക്തിക്കും വിവരണത്തിനും അതീതമാണ്. വി. ഗ്രന്ഥം അതിനെപ്പറ്റി പ്രതീകങ്ങളിലൂടെയാണ് സംസാരിക്കുന്നത്. ജീവന്‍, പ്രകാശം, സമാധാനം, വിവാഹാഘോഷം, രാജ്യത്തിലെ വീഞ്ഞ്, പിതാവിന്‍റെ ഭവനം, സ്വര്‍ഗ്ഗീയ ജറുസലേം, പറുദീസ: "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്നതു കണ്ണു കണ്ടിട്ടില്ലാത്തതും ചെവി കേട്ടിട്ടില്ലാത്തതും മനുഷ്യഹൃദയം ഗ്രഹിച്ചിട്ടില്ലാത്തതുമാണ്." മനുഷ്യന്‍ നേരിട്ടു ധ്യാനിക്കേണ്ടതിനായി സര്‍വ്വാതിശായിയായ ദൈവം തന്‍റെ രഹസ്യം അവനു തുറന്നു കൊടുക്കുകയും ധ്യാനിക്കാന്‍ അവനു കഴിവു നല്‍കുകയും ചെയ്തില്ലെങ്കില്‍ ദൈവത്തെ അവിടുന്ന്‍‍ ആയിരിക്കുന്നതുപോലെ കാണാന്‍ കഴിയുകയില്ല. കാരണം, അവിടുന്ന്‍ സര്‍വ്വാതിശായിയാണ്. സ്വര്‍ഗ്ഗീയ മഹത്വത്തിലുള്ള ഈ ദൈവികധ്യാനത്തെ സഭ "സൗഭാഗ്യദര്‍ശനം" (Beautific vision) എന്നു വിളിക്കുന്നു. "ദൈവത്തെ കാണാന്‍ അനുവദിക്കപ്പെടുന്നു എന്നതില്‍, നിന്‍റെ കര്‍ത്താവും ദൈവവുമായ ക്രിസ്തുവിനോടുകൂടി രക്ഷയുടെയും ശാശ്വത പ്രകാശത്തിന്‍റെയും സന്തോഷത്തിലുള്ള ഭാഗഭാഗിത്വം തന്നു ബഹുമാനിക്കപ്പെടുന്നു എന്നതില്‍,...നീതിമാന്‍മാരോടും ദൈവത്തിന്‍റെ സുഹൃത്തുക്കളോടുമൊപ്പം സ്വര്‍ഗ്ഗരാജ്യത്തില്‍ അമര്‍ത്യതയുടെ ആനന്ദത്തില്‍ സന്തോഷിക്കുക എന്നതില്‍, ....നിന്‍റെ മഹത്വവും ആനന്ദവും എത്ര വലുതായിരിക്കും" (St Cyprian, Ep 58,10,1: CSEL3/2,66.5). അനുഗൃഹീതര്‍ സ്വര്‍ഗ്ഗത്തിലെ മഹത്വത്തില്‍, മറ്റു മനുഷ്യരേയും സര്‍വ്വസൃഷ്ടികളേയും സംബന്ധിച്ചുള്ള ദൈവഹിതം നിറവേറ്റുന്ന കൃത്യം സസന്തോഷം തുടര്‍ന്നുകൊണ്ടിരിക്കുന്നു. അവര്‍ ക്രിസ്തുവിനോടുകൂടെ ഭരിക്കുന്നു. അവിടുത്തോടുകൂടെ അവര്‍ എന്നന്നേക്കും ഭരിക്കും" (CCC 1023-1029) വിശ്വാസം- സ്വര്‍ഗ്ഗീയ ജീവിതത്തിന്‍റെ സമാരംഭം ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യമായ, സ്വർഗ്ഗീയ ദര്‍ശനത്തിന്‍റെ (Beatific Vision) സന്തോഷവും പ്രകാശവും മുന്‍കൂട്ടി അനുഭവിക്കാന്‍ 'വിശ്വാസം' നമ്മെ പ്രാപ്തരാക്കുന്നു. മരണശേഷം നമ്മള്‍ സ്വർഗ്ഗത്തിൽ, ദൈവത്തെ "മുഖാഭിമുഖം, അവിടുന്ന്‍ ആയിരിക്കുന്നതുപോലെ കാണും." ഈ വലിയ സത്യം നാം വിശ്വസിക്കാൻ തുടങ്ങുമ്പോൾ, നമുടെ ജീവിതത്തിൽ ഇപ്പോള്‍ തന്നെ നിത്യജീവന്‍റെ ആരഭം കുറിക്കുന്നു (CCC 163). ഈ വിശ്വാസം ക്രിസ്തുവിൽ അധിഷ്ഠിതമാണ്. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത് "ഏക സത്യ ദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). അനേകം വിശുദ്ധർ ഈ ഭൂമിയിൽ വച്ചുതന്നെ സ്വർഗ്ഗീയ ദര്‍ശനത്തിന്‍റെ സന്തോഷവും പ്രകാശവും, ഒരളവുവരെ മുന്‍കൂട്ടി അനുഭവിച്ചറിഞ്ഞവരാണ്. "വിശ്വാസത്തിന്‍റെ അനുഗ്രഹങ്ങളെ ധ്യാനിക്കുമ്പോള്‍ ഒരുനാള്‍ നാം അനുഭവിക്കുമെന്നു നമ്മുടെ വിശ്വാസം നമുക്ക് ഉറപ്പു നല്‍കുന്ന അത്ഭുതകരമായ കാര്യങ്ങള്‍ നമുക്ക് അനുഭവവേദ്യമാകുന്നു. ഒരു കണ്ണാടിയിലെ പ്രതിഫലനത്തെ ദര്‍ശിക്കുന്ന മട്ടില്‍ ഈ ലോകത്തില്‍ വച്ചുതന്നെ മഹാത്ഭുതമായ കാര്യങ്ങള്‍ നാം അനുഭവിച്ചു കഴിഞ്ഞു എന്ന പ്രതീതിയാണ് നമുക്ക് ഉണ്ടാകുന്നത്." ഈ ഭൂമിയിലെ ഇപ്പോഴുള്ള നമ്മുടെ ജീവിതം നയിക്കപ്പെടുന്നത്, സ്വർഗ്ഗത്തെക്കുറിച്ചുള്ള "വിശ്വാസത്താലാണ്, കാഴ്ചയാലല്ല" (2 കോറി 5:7). "ഇപ്പോൽ നമ്മൾ കണ്ണാടിയിലൂടെ അവ്യക്തമായി, ഭാഗികമായി മാത്രം ദൈവത്തെ അറിയുന്നു. എന്നാൽ സ്വർഗ്ഗത്തിൽ വച്ച്, ദൈവം നമ്മളെ പൂർണ്ണമായി അറിയുന്നതുപോലെ നമ്മളും ദൈവത്തെ പൂർണ്ണമായി അറിയും" (cf: 1 കോറി 13:12). മരണം മൂലം നമ്മിൽ നിന്നും വേർപെട്ട വിശുദ്ധരായ സ്വർഗ്ഗീയവാസികൾ മിശിഹായോട് കൂടുതൽ ഐക്യപ്പെട്ടിരിക്കുന്നുവെന്നതിനാൽ, നാം ഈ ലോകത്തിൽ ദൈവത്തിനർപ്പിക്കുന്ന ആരാധന അവർ കൂടുതൽ ധന്യമാക്കുകയും നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ പലവിധത്തിൽ സഹായിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യത്ത് സ്വീകരിക്കപ്പെട്ട് കർത്താവിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട് ക്രിസ്തു വഴിയും ക്രിസ്തുവിനോടു കൂടിയും ക്രിസ്തുവിലും നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നതിൽ നിന്നും അവർ ഒരിക്കലും വിരമിക്കുന്നില്ല (cf: Vatican Council II, LG 49). വിശ്വാസത്തിന്‍റെ വിഷയമായ ദൈവത്താല്‍ തന്നെ വിശ്വാസം പ്രകാശിതമാണെങ്കിലും വിശ്വാസ ജീവിതം പലപ്പോഴും അന്ധകാരമയമാണ്. വിശ്വാസം പരീക്ഷണത്തിനു വിധേയമായേക്കാം. വിശ്വാസം വാഗ്ദാനം ചെയ്യുന്ന മഹത്തായ ദാനങ്ങളിൽ നിന്നു വളരെ ദൂരത്തായിട്ടാണ് നാം ജീവിക്കുന്ന ലോകം പലപ്പോഴും കാണപ്പെടുന്നത്. നമുക്കുണ്ടാകുന്ന തിന്മയുടെയും സഹനത്തിന്‍റെയും ബഹുവിധ അനീതിയുടെയും മരണത്തിന്‍റെയും അനുഭവങ്ങള്‍ സുവിശേഷത്തിനു വിരുദ്ധമായി തോന്നാം. ഇവയ്ക്ക് നമ്മുടെ വിശ്വാസത്തെ ഇളക്കാനും അതിനെതിരെയുള്ള പ്രലോഭനമായിത്തീരാനും കഴിയും (CCC 164). അതുകൊണ്ട് സ്വർഗ്ഗം എന്നത് മാറ്റമില്ലാത്ത വലിയ സത്യമാണന്ന ഉറച്ച ബോധ്യം നമുക്കില്ലങ്കിൽ നമ്മുടെ വിശ്വാസം തന്നെ വ്യർത്ഥമാണ്. കാരണം ഓരോ വിശ്വാസിയും സ്വർഗ്ഗരാജ്യം ലക്‌ഷ്യം വച്ച് ജീവിക്കേണ്ടവനാണ്. ഇന്നത്തെ ആധുനിക ലോകത്തിന്റെ പ്രലോഭനങ്ങളും, നമ്മുടെ ജീവിതത്തിലെ വേദനകളും, രോഗങ്ങളും, മരണങ്ങളും പലപ്പോഴും വിശ്വാസ ജീവിതത്തിൽ നമ്മെ തളർത്താറുണ്ട്. ഇവിടെയാണ് വിശ്വാസത്തിന്‍റെ സാക്ഷികളിലേക്ക് നാം തിരിയേണ്ടത്‌. യാതൊരു ആശയ്ക്കും വഴിയില്ലാതിരുന്നിട്ടും പ്രത്യാശയോടെ വിശ്വസിച്ച അബ്രഹാം; തന്‍റെ പുത്രന്‍റെ കുരിശുമരണത്തിന്റെയും സംസ്ക്കാരത്തിന്‍റെയും അന്ധകാരത്തില്‍ പങ്കു ചേര്‍ന്ന്‍, തന്‍റെ വിശ്വാസ തീര്‍ത്ഥാടനത്തില്‍ 'വിശ്വാസത്തിന്‍റെ രാത്രിയിലേക്ക്' നടന്നു നീങ്ങിയ മറിയം; കൂടാതെ മറ്റു പലരും വിശ്വാസത്തിന്‍റെ ഉത്തമ സാക്ഷികളാണ്. സാക്ഷികളുടെ വലിയ ഒരു മേഘം നമ്മെ വലയം ചെയ്യുന്നതിനാല്‍ നമുക്ക് നമ്മെ ചുറ്റിയിരിക്കുന്ന ഭാരം, പാപം നീക്കിക്കളയാം. നമുക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്‍റെ നാഥനും അതിനെ പൂര്‍ണ്ണതയിലെത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു വേണം നാം ഓടാന്‍. തുടരും... 1. എന്താണ് ശുദ്ധീകരണസ്ഥലം? 2. എന്താണ് നരകം? 3. എന്താണ് അന്ത്യവിധി? 4. എന്താണ് ശരീരത്തിന്റെ ഉയിർപ്പ്? 5. എന്താണ് പുതിയ ആകാശവും പുതിയ ഭൂമിയും? മരണാനന്തര ജീവിതം, ഭാഗം 3: എന്താണു ശുദ്ധീകരണ സ്ഥലം? സ്വന്തം ലേഖകൻ 27-02-2016 - Saturday വര്‍ഷങ്ങള്‍ക്കു മുമ്പ്, നമുക്ക് മനോഹരമായ ഒരു പ്രകൃതി ദൃശ്യം കാണണമെങ്കില്‍ നാം മനോഹരമായ ഏതെങ്കിലും സ്ഥലങ്ങളിലേക്കു യാത്ര ചെയ്യണമായിരുന്നു. എന്നാല്‍ ഇന്ന് ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ഞൊടിയിടയ്ക്കുള്ളില്‍ നമ്മുടെ കണ്‍മുന്നിലൂടെ മിന്നി മറയുന്നു. പണ്ടൊക്കെ, വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ടവരെ കാണണമെങ്കില്‍ ഒന്നുകില്‍ അവര്‍ അവധിക്ക് നാട്ടില്‍ വരണമായിരുന്നു. അതും അല്ലെങ്കില്‍ അവരുടെ ഫോട്ടോകള്‍ തപാല്‍ മാര്‍ഗ്ഗം നമ്മുടെ കൈകളില്‍ എത്തണമായിരുന്നു. എന്നാല്‍ ഇന്ന്, ഒന്നു "ക്ലിക്ക്" ചെയ്‌താല്‍ കണ്‍മുന്നിലെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അവര്‍ എത്തിക്കഴിയും. ഇങ്ങനെ നാം ആഗ്രഹിക്കുന്നതെന്തും നമ്മുടെ കണ്‍മുന്നില്‍ ഉടനടി എത്താന്‍ തുടങ്ങിയപ്പോള്‍ ആധുനിക യുഗത്തിലെ മനുഷ്യന്‍റെ വിശ്വാസത്തിനും ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. പണ്ടൊക്കെ വിദേശത്തായിരുന്ന നമ്മുടെ ബന്ധുക്കളുടെ കത്തുകള്‍ രണ്ടുമാസം കൂടുമ്പോള്‍ ഒരിക്കലായിരിക്കും നമുക്ക് കിട്ടുന്നത്. ഈ കാലയളവില്‍ അവര്‍ സുഖമായി, സുരക്ഷിതരായി ഇരിക്കുന്നുണ്ടാവും എന്ന വിശ്വാസമായിരുന്നു നമുക്കുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഒരു ദിവസം ഫോണ്‍വിളി മുടങ്ങിയാല്‍, അല്ലെങ്കില്‍ skyp-ല്‍ അവർ എത്താന്‍ വൈകിയാല്‍ നമുക്ക് ടെന്‍ഷന്‍ കൂടുന്നു. നമ്മുടെ വിശ്വാസം നഷ്ടപ്പെടുന്നു. ഇങ്ങനെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചും നാം വിശ്വസിക്കാന്‍ തുടങ്ങിയപ്പോള്‍ ആത്മീയ കാര്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തിനും മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഇന്ന് നമുക്ക പലതും കണ്ടെങ്കില്‍ മാത്രമേ വിശ്വസിക്കാന്‍ സാധിക്കൂ. നമ്മുടെ പൂര്‍വ്വികര്‍ പണ്ടൊക്കെ, ശുദ്ധീകരണ സ്ഥലത്തെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വളരെ തീക്ഷ്ണത കാണിച്ചിരുന്നു. അതിനുള്ള ഒരു തെളിവാണ് പണ്ടു കാലങ്ങളിലെ നമ്മുടെ കുടുംബ പ്രാര്‍ത്ഥനയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ ഒന്നായിരുന്നു "മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന". പണ്ടൊക്കെ മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായിരുന്നു. ഒരുപാടു മക്കളും, സങ്കടങ്ങളും രോഗങ്ങളും നിറഞ്ഞു നിന്നിരുന്ന കുടുംബാന്തരീക്ഷത്തില്‍ നിന്നും ഉയരുന്ന മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന നമ്മുടെ പൂർവ്വികർക്ക് ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് ഉറച്ച ബോധ്യങ്ങൾ ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. ഇന്നു നമ്മുടെ കുടുംബങ്ങളില്‍ നിന്നും ദാരിദ്ര്യത്തോടൊപ്പം 'മരിച്ച വിശ്വാസികള്‍ക്കു വേണ്ടിയുള്ള ഈ പ്രാര്‍ത്ഥനയും' മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്നു ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പല ബുദ്ധിജീവികളുടെയും നാവില്‍ നിന്നു വരുന്നതും Social media കളില്‍ നിറഞ്ഞു നില്‍ക്കുന്നതുമായ comment ആണ് "ജീവിച്ചിരിക്കുമ്പോള്‍ നന്മ ചെയ്യാതെ മരിച്ചു കഴിഞ്ഞിട്ട് കുറച്ചു പ്രാര്‍ത്ഥിച്ചിട്ടൊന്നും കാര്യമൊന്നുമില്ല." മറ്റൊരു കൂട്ടര്‍ പറയുന്ന comment ഇപ്രകാരമാണ് "ശുദ്ധീകരണ സ്ഥലം ഉണ്ടെന്ന്‍ പറയുന്നതിന് വല്ല തെളിവുമുണ്ടോ? ആരെങ്കിലും അവിടെ നിന്ന്‍ വന്നു പറഞ്ഞിട്ടുണ്ടോ ശുദ്ധീകരണ സ്ഥലത്ത് അവര്‍ വേദന അനുഭവിക്കുകയാണ് എന്ന്‍?" ഇതുപോലൊരു ആവശ്യം ബൈബിളില്‍, പുതിയ നിയമത്തില്‍ ഒരു വ്യക്തി ഉന്നയിക്കുന്നുണ്ട്‌. ധനവാന്‍റെയും ലാസറിന്‍റെയും ഉപമയില്‍. ധനവാന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍, അബ്രാഹത്തിന്‍റെ മടിയില്‍ ലാസറിനെ കണ്ടപ്പോള്‍ ധനവാന്‍ അബ്രാഹത്തോട് ഇപ്രകാരമാണ് ആവശ്യപ്പെട്ടത്. "പിതാവേ, അങ്ങനെയെങ്കില്‍ ലാസറിനെ എന്‍റെ പിതൃ ഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്‍മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്ത് വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്ക് സാക്ഷ്യം നല്‍കട്ടെ. അബ്രാഹം പറഞ്ഞു: അവര്‍ക്ക് മോശയും പ്രവാചകന്‍മാരും ഉണ്ടല്ലോ. അവരുടെ വാക്ക് കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു. പിതാവായ അബ്രാഹമേ, അങ്ങനെയല്ല മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രഹാം അവനോടു പറഞ്ഞു: മോശയും പ്രവാചകന്‍മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്നും ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്ക് ബോധ്യമാവുകയില്ല" (ലൂക്കാ 16:27-31). ഈ വചനഭാഗം ഒരുപാടു സത്യങ്ങള്‍ ലോകത്തോട്‌ സംസാരിക്കുന്നു. ഒന്ന്‍: മരണാനന്തര ജീവിതം എന്നത് ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യനെ സംബന്ധിച്ചിടത്തോളം അവ്യക്തമാണ്. കാരണം അത് പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ ഒരു മനുഷ്യന്‍റെ മരണശേഷം മാത്രമേ സാധിക്കൂ. രണ്ട്: പീഡകളുടെ സ്ഥലമായ നരകത്തിലേക്ക് ഒരു ആത്മാവ് നിപതിക്കാതിരിക്കണമെങ്കില്‍ ജീവിച്ചിരിക്കുന്നവര്‍ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്കുകള്‍ കേട്ട് അതനുസരിച്ച് ജീവിക്കണം. ഇവിടെ അബ്രഹാം മരണാനന്തര ജീവിതത്തെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങള്‍ വായിക്കട്ടെ എന്നല്ല പറയുന്നത്. പിന്നെയോ മോശയുടെയും പ്രവാചകന്‍മാരുടെയും വാക്ക് കേള്‍ക്കുവാനാണ്. ഇതിനര്‍ത്ഥം വിശുദ്ധ ലിഖിതങ്ങളില്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതു കൊണ്ടല്ല പിന്നെയോ ദൈവത്തിന്‍റെ വചനങ്ങളും വെളിപ്പെടുത്തലുകളും കാലഘട്ടത്തിന്‍റെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന്‍റെ ഭാഷയില്‍ ലോകത്തോട്‌ സംസാരിച്ചവരാണ് പ്രവാചകന്‍മാര്‍. ദൈവത്തിന്‍റെ കല്‍പനകള്‍ മനുഷ്യന്‍റെ ഭാഷയില്‍ അവരെ അറിയിച്ചവനാണ് മോശ. ഇന്ന് നമ്മുടെ ജീവിതത്തില്‍ സഭയുടെ പ്രബോധനങ്ങളാണ് ഈ ദൗത്യം നിര്‍വഹിക്കുന്നത്. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള സൂചനകള്‍ ബൈബിളില്‍ നമുക്കു കാണുവാന്‍ സാധിക്കും. എന്നാല്‍ ഇതിനെ വ്യക്തമായി വ്യാഖ്യാനിക്കാനുള്ള അധികാരം സഭയ്ക്കാണ്‌ ഉള്ളത്. കാരണം "വിശ്വാസം അവതരിപ്പിക്കാനും പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ അതു വ്യാഖ്യാനിക്കാനും അബദ്ധമാക്കലില്‍ നിന്ന്‍ അതിനെ രക്ഷിക്കാനും കത്തോലിക്കാ സഭയ്ക്കുള്ള ശാസനാധികാരത്തിന്‍റെ പേരാണ് പ്രബോധനാധികാരം." ഈ പ്രബോധനാധികാരം ഉപയോഗിച്ച് എന്താണ് ശുദ്ധീകരണ സ്ഥലം എന്ന്‍ സഭ വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. 

ബൈബിളും ശുദ്ധീകരണസ്ഥലവും 
 പലപ്പോഴും ഒരു സ്ഥലമായി സങ്കല്‍പ്പിക്കപ്പെടുന്ന ശുദ്ധീകരണസ്ഥലം ഒരു സ്ഥലമല്ല, അത് ഒരു അവസ്ഥയാണ് എന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍ പരിപൂര്‍ണ്ണ വിശുദ്ധിയിലല്ല മരിക്കുന്നതെങ്കില്‍ അവന്‍റെ ആത്മാവിന് പരിപൂര്‍ണ്ണ ശുദ്ധി വരുത്തുന്നതിനു വേണ്ടി ആ ആത്മാവ് കടന്നുപോകേണ്ട ഒരു അവസ്ഥയാണ് ശുദ്ധീകരണസ്ഥലം. പഴയ നിയമത്തില്‍ (2 മക്കബായര്‍ 12:38-45) യൂദാസ് മക്കബായനും അനുയായികളും മരിച്ചവരുടെ പാപം തുടച്ചു മാറ്റണമെന്ന് ദൈവത്തോടു യാചിച്ചു കൊണ്ട് പ്രാര്‍ത്ഥനകളും പരിഹാരബലികളും അര്‍പ്പിക്കുന്നു. ഈ പ്രവര്‍ത്തിയെ ശ്രേഷ്ഠവും ഉചിതവുമായ പ്രവര്‍ത്തിയായി ദൈവവചനം സാക്ഷ്യപ്പെടുത്തുകയും മരിച്ചവര്‍ക്കു വേണ്ടിയുള്ള ഈ പ്രത്യാശയെ പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയായി വിശേഷിപ്പിക്കുകയും ചെയ്യുന്നു. ഈ വചനഭാഗം മറ്റൊരു കാര്യം കൂടി എടുത്തു പറയുന്നുണ്ട്. "മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്ഷയില്ലായിരുന്നുവെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു." (2 മക്കബായര്‍ 12:44)അതുകൊണ്ട് മരണാനന്തര ജീവിതത്തെക്കുറിച്ചും ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചും അവിടെയുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതും ഭോഷത്തമാണ് എന്ന് ആരൊക്കെ കരുതുന്നുവോ, അവർ മരിച്ചവരുടെ ഉയിര്‍പ്പിനെക്കുറിച്ച് പ്രതീക്ഷയില്ലാത്തവരാണ്. മരിച്ചവരുടെ ഉയിര്‍പ്പ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ അത് ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയായി കണക്കാക്കാം. കര്‍ത്താവായ യേശു, പുതിയ നിയമത്തില്‍, ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും എന്നാല്‍ മറ്റു ചിലത് വരാനുള്ള യുഗത്തിലും ക്ഷമിക്കപ്പെടാമെന്നും വളരെ വ്യക്തമായി നമ്മോടു പറയുന്നു (മത്തായി 12:32). സത്യം തന്നെയായവന്‍ പറയുന്ന ഈ വചനഭാഗം മാത്രം മതിയാകും. മരണശേഷം ഒരു മനുഷ്യന്‍റെ പാപങ്ങള്‍ ക്ഷമിക്കാനുള്ള അവസരമുണ്ട് എന്നു നമുക്കു മനസ്സിലാക്കാന്‍. ശുദ്ധീകരണ സ്ഥലത്തില്‍ ആത്മാക്കളെ ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പല വിശുദ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ അഗ്നി നരകത്തിന്‍റെ അഗ്നിയില്‍ നിന്നും വ്യത്യസ്തമാണ് എന്നു നാം മനസ്സിലാക്കണം. ശുദ്ധീകരണസ്ഥലത്തെ അഗ്നിയെപ്പറ്റി വി. പൗലോസ് ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നുണ്ട്. "..ഒരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നില്നില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവന്‍ നഷ്ടം സഹിക്കേണ്ടി വരും. എങ്കിലും അഗ്നിയിലൂടെയെന്ന പോലെ മാത്രം അവന്‍ രക്ഷ പ്രാപിക്കും" (1 കൊറി 3:13-15). അതുകൊണ്ട് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നതിന് പരിപൂര്‍ണ്ണ വിശുദ്ധി പ്രാപിക്കാത്ത വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയിലെ അഗ്നിയിലൂടെ കടന്നു പോകുന്നു. അതിലൂടെ രക്ഷ പ്രാപിച്ച് ദൈവത്തെ മുഖാമുഖം ദര്‍ശിക്കുന്നു. കാരണം "വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കുവാന്‍ സാധിക്കുകയില്ല." (ഹെബ്രാ. 12:14)‍.


ശുദ്ധീകരണസ്ഥലവും സഭയുടെ പ്രബോധനങ്ങളും 

പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞപ്പോള്‍, കര്‍ത്താവ് പത്രോസിന്‍റെ നേരെ നോക്കി. അപ്പോള്‍ "പത്രോസ് പുറത്ത് പോയി കഠിന ദുഃഖത്തോടെ വിലപിച്ചു." അത് ശുദ്ധീകരണ സ്ഥലത്തായിരിക്കുന്നതു പോലുള്ള ഒരു അനുഭവമാണ്. മിക്കവാറും അതുപോലുള്ള ഒരു ശുദ്ധീകരണം മരണനിമിഷത്തില്‍ നമ്മെ മിക്കവരെയും കാത്തിരിക്കുന്നുണ്ടാവും. സ്നേഹപൂര്‍ണതയോടെ കര്‍ത്താവു നമ്മെ നോക്കുന്നു. നാം ദഹിപ്പിക്കുന്ന ലജ്ജ അനുഭവിക്കും. തിന്മ നിറഞ്ഞ, അല്ലെങ്കില്‍ കേവലം സ്നേഹരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വേദനാജനകമായ പശ്ചാത്താപമുണ്ടാകും. ഈ വിശുദ്ധീകരണ വേദനയ്ക്ക് ശേഷം മാത്രമേ പ്രശാന്തമായ സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ അവിടുത്തെ സ്നേഹപൂര്‍ണമായ നോട്ടം കണ്ടുമുട്ടാനാവുകയുള്ളൂ (YOUCAT 159). കര്‍ത്താവ് തന്‍റെ മഹത്വത്തില്‍ സകല മാലാഖമാരുമൊത്ത് ആഗതനാകുകയും മരണത്ത നശിപ്പിച്ച് സര്‍വവും തനിക്കു കീഴ്പ്പെടുത്തുകയും ചെയ്യുന്നതുവരെ തന്‍റെ ശിഷ്യരില്‍ ചിലര്‍ ഈ ഭൂമിയില്‍ പരദേശവാസികളായിരിക്കുകയും ചിലര്‍ ഈ ജീവിതം അവസാനിപ്പിച്ച് (ശുദ്ധീകരണ സ്ഥലത്ത്) ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചിലര്‍ മഹത്വീകൃതരായി "ത്രിയേക ദൈവത്തെ അവന്‍ ആയിരിക്കുന്നതു പോലെ തെളിവായി കാണുകയും ചെയ്യും." (Vatican Council II, LG 49) ക്രിസ്തുമതത്തിന്‍റെ ആരംഭകാലഘട്ടം മുതല്‍ മരിച്ചവരുടെ ഓര്‍മ്മ സഭ വളരെ ഭക്തിയോടു കൂടി ആചരിച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും പരിഹാര കര്‍മ്മങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു (Vatican Council II, LG 50). "ദൈവത്തിന്‍റെ കൃപാവരത്തിലും സൗഹൃദത്തിലും മരിക്കുന്നവര്‍ പൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെട്ടവരായെങ്കിലും നിത്യരക്ഷയുടെ ഉറപ്പ് നേടിയവരാണ്. എന്നാല്‍, സ്വര്‍ഗ്ഗീയാനന്ദത്തിലേക്കു പ്രവേശിക്കുവാന്‍ ആവശ്യമായ വിശുദ്ധി നേടുന്നതിനു വേണ്ടി അവര്‍ മരണാനന്തരം ശുദ്ധീകരണത്തിനു വിധേയരായിത്തീരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരുടെ ഈ അന്തിമ ശുദ്ധീകരണത്തെ സഭ ശുദ്ധീകരണസ്ഥലം (Purgatory) എന്നു വിളിക്കുന്നു. ശപിക്കപ്പെട്ടവരുടെ രക്ഷയില്‍ നിന്ന്‍ അതു തികച്ചും വിഭിന്നമാണ്. ശുദ്ധീകരണസ്ഥലത്തെ സംബന്ധിച്ച സഭയുടെ വിശ്വാസപ്രബോധനങ്ങള്‍ പ്രത്യേകമായും ഫ്ലോറന്‍സിലെയും ത്രെന്തിലെയും സൂനഹദോസുകളില്‍ ക്രോഡീകരിക്കപ്പെട്ടവയാണ്. സഭയുടെ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിലെ ചില ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ശുദ്ധീകരിക്കുന്ന അഗ്നിയെപ്പറ്റി പറയുന്നുണ്ട്. ലഘുവായ കുറ്റങ്ങളെ സംബന്ധിച്ചിടത്തോളം, അവസാന വിധിക്കുമുന്‍പ് ഒരു ശുദ്ധീകരണാഗ്നിയുണ്ടെന്നു നാം വിശ്വസിക്കണം. പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവരോട് ഈ യുഗത്തിലെ വരും യുഗത്തിലോ കഷ്മിക്കപ്പെടുകയില്ലെന്നു സത്യം തന്നെയായവന്‍ പറയുന്നു. ചില കുറ്റങ്ങള്‍ ഈ യുഗത്തില്‍ ക്ഷമിക്കപ്പെടാമെന്നും ഈ വാചകത്തില്‍ നിന്നും നാം മനസ്സിലാക്കുന്നു. മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവിലും അധിഷ്ടിതമാണ് ഈ പ്രബോധനം. വി. ഗ്രന്ഥത്തില്‍ ആ പതിവിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. "അതുകൊണ്ട് മരിച്ചവര്‍ക്ക് പാപമോചനം ലഭിക്കുന്നതിനുവേണ്ടി (യൂദാസ് മക്കബായര്‍) പരിഹാര കര്‍മ്മം അനുഷ്ഠിച്ചു. ആരംഭകാലം മുതല്‍ സഭ മരിച്ചവരുടെ അനുസ്മരണത്തെ ആദരിക്കുകയും അവര്‍ക്കു വേണ്ടി പരിഹാര പ്രാര്‍ത്ഥനകള്‍, സര്‍വ്വോപരി ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തിരുന്നു. അവര്‍ ശുദ്ധീകരിക്കപ്പെട്ട് ദൈവത്തിന്‍റെ സൗഭാഗ്യദര്‍ശനം പ്രാപിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്‌ഷ്യം. മരിച്ചവര്‍ക്കു വേണ്ടിയുള്ള ധര്‍മ്മദാനം, ദണ്ഡവിമോചന കര്‍മ്മങ്ങള്‍, പ്രായശ്ചിത്തപ്രവൃത്തികള്‍ എന്നിവയും സഭ പ്രോത്സാഹിപ്പിക്കുന്നു. നമുക്ക് അവരെ സഹായിക്കുകയും അവരുടെ ഓര്‍മ്മ ആചരിക്കുകയും ചെയ്യാം. ജോബിന്‍റെ പുത്രന്മാര്‍ തങ്ങളുടെ പിതാവിന്‍റെ ബലിവഴി ശുദ്ധീകരിക്കപ്പെട്ടുവെങ്കില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള നമ്മുടെ കാഴ്ചകള്‍ അവര്‍ക്ക് അല്പം ആശ്വാസം നല്‍കുമെന്നതില്‍ നാം എന്തിനു സംശയിക്കണം. മരിച്ചവരെ സഹായിക്കുന്നതില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി സമര്‍പ്പിക്കുന്നതിലും നാം ശങ്കിക്കരുത്" (CCC 1030- 1032). മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികളുടെ ആത്മാക്കളെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും. കാരണം, ക്രിസ്തുവില്‍ മാമോദീസാ സ്വീകരിച്ചവരെല്ലാം ഒരു കൂട്ടായ്മ രൂപപ്പെടുത്തുന്നു. പരസ്പരം ഐക്യപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഒരു മനുഷ്യന്‍ മരിച്ചു കഴിയുമ്പോള്‍ തനിക്കു വേണ്ടിത്തന്നെ ഒന്നും ചെയ്യാന്‍ അയാള്‍ക്കു കഴിയുകയില്ല. യോഗ്യത നേടാനുള്ള പ്രവർത്തനക്ഷമമായ പരീക്ഷണഘട്ടം അവസാനിച്ചു. എന്നാല്‍ മരിച്ചു ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന വിശ്വാസികള്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയും. നമ്മുടെ സ്നേഹം മരണാനന്തര ജീവിതത്തിലേക്കും വ്യാപിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍, സത്കര്‍മ്മങ്ങള്‍ എന്നിവ വഴി, സവിശേഷമായി വിശുദ്ധ - കുര്‍ബാനയുടെ ആഘോഷം വഴി മരിച്ചവര്‍ക്കു വേണ്ടി ദൈവകൃപ നേടാന്‍ നമുക്കു സാധിക്കും (YOUCAT 160). 

വിശുദ്ധരുടെ ദര്‍ശനങ്ങളിലൂടെ 

ഒരു രാത്രിയില്‍ 'കുരിശിന്റെ വിശുദ്ധ പൗലോസ്' ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് തന്റെ മുറിയുടെ വാതിലില്‍ ആരോ തുടരെ തുടരെ മുട്ടുന്നതായി കേട്ടു. കാല്‍മണിക്കൂര്‍ മുന്‍പ് മരിച്ച ഒരു പുരോഹിതന്റെ ആത്മാവായിരുന്നു അത്. കുര്‍ബ്ബാന, പ്രാര്‍ത്ഥന തുടങ്ങിയ സഹായങ്ങള്‍ വിശുദ്ധനില്‍ നിന്നും അപേക്ഷിക്കുവാന്‍ വേണ്ടി വന്നതായിരുന്നു ആ ആത്മാവ്. ആ ആത്മാവ് പറഞ്ഞു. “ഓ! ഞാന്‍ എത്രമാത്രം സഹിച്ചു, ആയിരം കൊല്ലത്തോളം അഗ്നിയുടെ സമുദ്രത്തിലായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്!” ശേഷം ആത്മാവ് കണ്ണുനീര്‍ പൊഴിക്കുവാനാരംഭിച്ചു. ഉടനടി, പൗലോസ് എഴുന്നേറ്റ് സമയം നോക്കിയിട്ട് പറഞ്ഞു, “അതെപ്രകാരം സാധിക്കും? കാല്‍മണിക്കൂര്‍ മുന്‍പ് മാത്രം മരിച്ച അങ്ങേക്ക് ആയിരം വര്‍ഷത്തോളം അഗ്നിയുടെ സമുദ്രത്തില്‍ കഴിഞ്ഞതായി തോന്നുന്നു എന്നു പറയുന്നതില്‍ എന്തടിസ്ഥാനമാണുള്ളത്?” ഇതിനു മറുപടിയായി ആ ആത്മാവ് ഇപ്രകാരം പറഞ്ഞു. “ശുദ്ധീകരണസ്ഥലത്തെ സമയം എത്രമാത്രം ദൈര്‍ഘ്യമേറിയതാണെന്ന് നീ അറിഞ്ഞിരുന്നുവെങ്കില്‍ നീ ഇത് പറയുമായിരിന്നില്ല”. വിശുദ്ധനില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുന്നത് വരെ ആ ആത്മാവ് അവിടം വിട്ടുപോയില്ല. വിശുദ്ധ ഫൌസ്റ്റീനയുടെ ഡയറിയില്‍ വിവരിച്ചിരിക്കുന്ന ഒരനുഭവം ഇപ്രകാരമാണ്- "രണ്ടുമാസം മുന്‍പ് മരണപ്പെട്ട ഒരു സിസ്റ്റര്‍ ഒരു രാത്രിയില്‍ എന്റെ അടുക്കല്‍ വന്നു. വളരെ ഭീകരമായൊരു അവസ്ഥയിലായിരുന്നു അവര്‍. അവരുടെ മുഖം വളരെയേറെ വികൃതമായിരുന്നു. അവര്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥന ഞാന്‍ ഇരട്ടിയാക്കി. അടുത്ത ദിവസം രാത്രിയില്‍ അവര്‍ പിന്നേയും എന്റെ അടുക്കല്‍ വന്നു. പക്ഷേ ഇപ്പോള്‍ അവരുടെ അവസ്ഥ കൂടുതല്‍ ഭീകരമായിരുന്നു. ഞാന്‍ അവരോടു ചോദിച്ചു: എന്റെ പ്രാര്‍ത്ഥനകള്‍ നിങ്ങളെ ഒട്ടും തന്നെ സഹായിച്ചില്ലേ? എന്റെ പ്രാര്‍ത്ഥനകള്‍ക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയുകയില്ലെങ്കില്‍, സിസ്റ്റര്‍ ദയവായി എന്റെ അടുക്കല്‍ വരുന്നത് നിര്‍ത്തണം; ഞാന്‍ അവരോടു പറഞ്ഞു. ഉടനേതന്നെ അവര്‍ അപ്രത്യക്ഷയായി. എങ്കിലും, അവര്‍ക്ക് വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ വീണ്ടും എന്റെ പക്കല്‍ വന്നു. ഇപ്രാവശ്യം അവരുടെ മുഖം പ്രകാശപൂരിതമായിരിന്നു. അവളുടെ കണ്ണുകള്‍ ആഹ്ലാദംകൊണ്ട് നിറഞ്ഞിരിന്നു. എന്റെ സ്നേഹിതരോട്‌ എനിക്ക് ശരിയായ സ്നേഹമുണ്ടെന്നും, എന്റെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരണ സ്ഥലത്തെ ധാരാളം ആത്മാക്കള്‍ക്ക് മോക്ഷം ലഭിച്ചുവെന്നും അവര്‍ എന്നെ അറിയിച്ചു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള എന്റെ പ്രാര്‍ത്ഥനകള്‍ മുടക്കരുതെന്നവര്‍ എന്നോടു അപേക്ഷിച്ചു. അവര്‍ അധികകാലം അവിടെ ഉണ്ടാവുകയില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ പ്രമാണങ്ങള്‍ എത്രയോ വിസ്മയാവഹം!" 



പുണ്യവാന്‍മാരുടെ ഐക്യത്തില്‍ വിശ്വസിക്കാം 
 'പുണ്യവാന്‍മാരുടെ ഐക്യത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു' എന്നു നാം വിശ്വാസ പ്രമാണത്തിലൂടെ ഏറ്റു ചൊല്ലുമ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരും ശുദ്ധീകരണസ്ഥലത്തായിരിക്കുന്നവരും സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നവരുമായ മൂന്നു കൂട്ടായ്മകളുടെ ഐക്യമാണ് നാം ഏറ്റുചൊല്ലുന്നത്. ഇതില്‍ നിന്ന്‍ ശുദ്ധീകരണ സ്ഥലത്തെ ഒഴിവാക്കുകയോ സംശയിക്കുകയോ പോലും ചെയ്യുമ്പോള്‍ നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം തന്നെ ഇല്ലാതാകുന്നു. ഓരോ ജപമാലയിലും നാം ഇപ്രകാരം പ്രാർത്ഥിക്കുന്നു "ഓ എന്‍റെ ഈശോയേ...അങ്ങേ കാരുണ്യം ഏറ്റവും ആവശ്യമായിട്ടുള്ളവരെ സ്വര്‍ഗ്ഗത്തിലേക്കാനയിക്കേണമേ." നാം എത്രമാത്രം വിശ്വാസത്തോടും ബോധ്യത്തോടും കൂടിയാണ് ഈ പ്രാര്‍ത്ഥന ചൊല്ലുന്നത്? ദൈവത്തിന്‍റെ കരുണ ഏറ്റവും ആവശ്യമായിട്ടുള്ളവരാണ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍. അവര്‍ക്കു വേണ്ടി ഈ പ്രാര്‍ത്ഥന ഏറ്റുചൊല്ലുമ്പോള്‍ ഉറച്ച ബോധ്യത്തോടുകൂടി നമുക്ക് ഏറ്റുചൊല്ലാം. ഏറ്റവും അനുകമ്പയുള്ള പരിശുദ്ധ അമ്മ തന്റെ മക്കളെ ഭൂമിയില്‍ സഹായിക്കുന്നത് കൊണ്ട് മാത്രം സംതൃപ്തയാകുന്നില്ല. തന്റെ മക്കള്‍ ശുദ്ധീകരണസ്ഥലമെന്ന തടവറയില്‍ നിന്നും മോചിതരായി കാണുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. ശുദ്ധീകരണസ്ഥലത്തെ തന്റെ പ്രിയദാസരുടെ സഹനങ്ങള്‍ കാഠിന്യം കുറഞ്ഞതും, ചെറുതുമാക്കുവാന്‍, അവള്‍ തന്റെ യോഗ്യതകള്‍ തന്റെ മകന്റെ മുന്‍പിലും, തന്റെ മകന്റെ യോഗ്യതകള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ മുന്‍പിലും സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥതയാല്‍ നിരവധി ആത്മാക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. പരിശുദ്ധ അമ്മ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ അവിടെ എത്തിച്ചേരില്ലായിരുന്നു”. (വിശുദ്ധ തോമസ്‌ അക്വിനാസ്) നമ്മുടെ ജീവിതങ്ങളില്‍ നിന്നും മരണം മൂലം വേര്‍പെട്ടു പോയ നമ്മുടെ പൂര്‍വ്വികര്‍; അവര്‍ ഇപ്പോള്‍ എവിടെയായിരിക്കും? നമുക്കറിയില്ല. അവരുടെ ത്യാഗത്തിന്‍റെയും നന്മകളുടെയും ഫലം നാം ഇപ്പോള്‍ അനുഭവിക്കുന്നു. എന്നാല്‍ അവര്‍ ഇപ്പോള്‍ ശുദ്ധീകരണ സ്ഥലത്താണെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്കായി അവര്‍ കാത്തിരിക്കുന്നു. നാം ഓരോരുത്തരും ഒരു ദിവസം മരിക്കും. അന്നു നാം ശുദ്ധീകരണ സ്ഥലത്തായിരിക്കുമ്പോള്‍ ഭൂമിയില്‍ നിന്നും ഒരു പ്രാര്‍ത്ഥന നമുക്കു വേണ്ടി ഉയരാന്‍ നാമും എത്രയോ തീവ്രമായി ആഗ്രഹിക്കും? 
 വിശുദ്ധ ജെര്‍ത്രൂദിന് ഒരു പ്രാര്‍ത്ഥന നല്കിക്കൊണ്ട് കർത്താവ്‌ ഇപ്രകാരം പറഞ്ഞു: " ഈ പ്രാര്‍ത്ഥന ഒരു പ്രാവശ്യം ചൊല്ലുമ്പോള്‍ ഞാന്‍ ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്നും സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും." അങ്ങനെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ആത്മാക്കള്‍ ക്രിസ്തുവിനോട് കൂടുതല്‍ ഐക്യപ്പെട്ടിരിക്കുന്നതു കൊണ്ട് നമുക്കു വേണ്ടി ഫലദായകമായി പ്രാര്‍ത്ഥിക്കുവാന്‍ അവര്‍ക്ക് കഴിയുന്നു. ആ പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിനും ചുറ്റും ഒരു കോട്ടയായി മാറട്ടെ. അതിനാല്‍ വിശുദ്ധ ജെര്‍ത്രൂദിന് കര്‍ത്താവ് നല്‍കിയ പ്രാര്‍ത്ഥന ലോകമെമ്പാടുമുള്ള വിശ്വാസികളോട് ചേര്‍ന്ന്‍ നമുക്കും ഏറ്റു ചൊല്ലാം.

പ്രാര്‍ത്ഥന: നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു. 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

1 comment: