Saturday, 3 December 2016

ഡാഡീ… എന്നോടൊന്ന് മിണ്ടുമോ?






അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അഞ്ജുമോളുടെ മനസിൽ അന്നൊരു ഉത്സവദിനം. അന്ന് സ്‌കൂളിൽ അവസാനത്തെ പീരിയഡിൽ ആ ടേമിലെ പ്രോഗ്രസ് കാർഡ് വിതരണം ചെയ്യുകയായിരുന്നു ക്ലാസ്ടീച്ചർ. എല്ലാ വിഷയങ്ങൾക്കും ‘എ സ്റ്റാർ’ മാർക്കോടെ ക്ലാസിലും സ്‌കൂളിലും ഫസ്റ്റായിത്തീർന്നിരിക്കുന്നു അഞ്ജു ആൻ മരിയ. അത് അഞ്ജുമോളുടെ ജീവിതത്തിലെ ഒരു നിർണായക ദിനമായിരുന്നു. അന്നാണ് ആദ്യമായി അവൾ സ്‌കൂളിൽ ഫസ്റ്റാകുന്നത്. ഇതിനുമുൻപുള്ള ക്ലാസുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിനില്ക്കുവാനേ അഞ്ജുവിന് കഴിഞ്ഞിരുന്നുള്ളൂ. ആഹ്ലാദം തിരതല്ലുന്ന ഹൃദയവുമായി അവൾ സ്‌കൂൾബസിൽനിന്നും ഇറങ്ങി മമ്മിയെന്ന് വിളിച്ചുകൊണ്ട് വീട്ടിലേക്കോടിക്കയറി. സങ്കടകരമെന്നു പറയട്ടെ, അഞ്ജുവിന്റെ വിളി കേൾക്കാൻ അവളുടെ മമ്മി സ്ഥലത്തുണ്ടായിരുന്നില്ല. സ്ഥലത്തെ ഉന്നതനിലവാരം പുലർത്തുന്ന ഒരു സ്വകാര്യ ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്യുന്ന അവളുടെ മമ്മി സീരിയസായ ഒരു ഓപ്പറേഷൻ നിർവഹിക്കേണ്ടി വന്നതുകൊണ്ട് അന്ന് വളരെ വൈകിയാണ് വീട്ടിൽ മടങ്ങിയെത്തിയത്. മ്ലാനമായ മുഖത്തോടെ അവൾ ചേട്ടനെ കാത്തിരിപ്പായി. വീട്ടിലെ ജോലിക്കാരിയായ ആനിയമ്മ അവളെ കാപ്പി കുടിക്കാൻ നിർബന്ധിച്ചത് അവൾ കേട്ടില്ല. എട്ടാംക്ലാസിൽ പഠിക്കുന്ന അവളുടെ ചേട്ടൻ ആദർശിനെ കാത്ത് അവൾ സിറ്റൗട്ടിലെ സോഫയിൽത്തന്നെ കുത്തിയിരുന്നു. സ്‌കൂൾബസ് വന്ന് നിർത്തിയതും അഞ്ജു ആദർശിന്റെനേരെ ഓടിച്ചെന്നു. ആദർശേട്ടാ, ദേ കണ്ടോ എനിക്കാണ് ഇത്തവണ ക്ലാസിലും സ്‌കൂളിലും ഫസ്റ്റ്. എല്ലാ വിഷയത്തിനും എ സ്റ്റാറുമുണ്ട്. പഠനത്തിൽ അല്പം ഉഴപ്പു കാണിക്കുന്നതിന്റെ പേരിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശാസനകൾ കേട്ട് നടക്കുന്ന ആദർശിന് അവളുടെ ആഹ്ലാദപ്രകടനം തീരെ രസിച്ചില്ല. അവൻ പറഞ്ഞു: ഓ, ഒരു വലിയ പഠിപ്പിസ്റ്റ് വന്നിരിക്കന്നു. പഠിച്ച് പഠിച്ച് നീയിപ്പോൾ ഭൂമി കീഴ്‌മേൽ മറിക്കും. പോ, പെണ്ണേ. എനിക്ക് വേറെ പണിയുണ്ട്. അഞ്ജുമോളുടെ മുഖം വാടി. ആദർശ് തന്റെ മൊബൈൽ ഫോൺ കൈയിലെടുത്ത് കൂട്ടുകാരുമായി നർമ്മസല്ലാപങ്ങളിൽ മുഴുകി. ഒരു കൈയിൽ മൊബൈൽ ഫോണും മറ്റേ കൈയിൽ കാപ്പിയും. അവൻ അവന്റെ ലോകത്ത് കൂട്ടുകാരുമായി വർണങ്ങളുടെ പ്രഭ വിതറി കഴിഞ്ഞുകൂടി. അവിടെ അഞ്ജു എന്ന കുഞ്ഞനുജത്തിയെ കണ്ടതായിപ്പോലും നടിച്ചില്ല.
സമയം എട്ടുമണിയായി. പതിവിന് വിപരീതമായി അഞ്ജുവിന്റെ ഡാഡി അന്ന് നേരത്തെയെത്തി. പക്ഷേ ഡാഡിയുടെ വരവ് കണ്ടപ്പോഴേ അവൾ മനസിലാക്കി ഇന്ന് ഡാഡി വളരെ ടെൻഷനിലാണെന്ന്. അതുകൂടാതെ കാർഷെഡിൽ മമ്മിയുടെ കാർ കാണാതായപ്പോൾ ഡാഡിയുടെ ടെൻഷനും കോപവും ഇരട്ടിച്ചു. വീട്ടിലേക്ക് കയറുന്നതിന് മുൻപുതന്നെ അയാൾ മൊബൈലിൽ ഭാര്യയുടെ നമ്പർ ഞെക്കി അസഹിഷ്ണുതയും കോപവും നിറഞ്ഞ സ്വരത്തിൽ ചോദിച്ചു: ”നീ എവിടെപ്പോയി കിടക്കുകയാണ്? ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ, ആറുമണി കഴിഞ്ഞിട്ടുള്ള ഡ്യൂട്ടിക്ക് ഞാൻ സമ്മതിക്കുകയില്ലെന്ന്. അതിന് സൗകര്യമുണ്ടെങ്കിൽമാത്രം പ്രാക്ടീസ് ചെയ്താൽ മതിയെന്ന്.” പകൽസമയത്തെ ജോലിഭാരവും അതു കഴിഞ്ഞുള്ള സീരിയസായ ഓപ്പറേഷന്റെ ഭാരവും എല്ലാംകൊണ്ട് ക്ഷീണിതയായ അഞ്ജുവിന്റെ അമ്മ ഡോ. അന്നയ്ക്ക് ഭർത്താവിന്റെ മനം മടുപ്പിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. അവൾ പറഞ്ഞു: ”ഞാൻ ഒരു ഡോക്ടറാണെന്ന കാര്യം നിങ്ങൾ മറന്നുപോയോ? അനേകരുടെ ജീവൻ കൈയിലെടുത്തുവച്ച് പോരാടുന്നവളാണ് ഞാൻ. പെണ്ണു കാണാൻ വന്നപ്പോഴേ ഞാൻ പറഞ്ഞതല്ലേ എന്റെ പ്രൊഫഷന്റെമേൽ കൈവയ്ക്കരുതെന്ന്. അതിന് സമ്മതമാണെങ്കിൽ മാത്രമേ ഞാൻ കല്യാണത്തിനുള്ളൂവെന്ന്. അന്ന് കല്യാണം നടക്കാൻ വേണ്ടി നിങ്ങൾ യെസ് മൂളി. ഇന്നിപ്പോൾ ഒരു ജീവനെ രക്ഷപ്പെടുത്താൻവേണ്ടി അല്പമൊന്ന് വൈകിയാൽപോലും നിങ്ങൾ കലിയിളകിയവനെപ്പോലെയാകും. ഒന്നുമില്ലെങ്കിൽ രണ്ടു പിള്ളേരുണ്ട് എന്ന് ബോധമെങ്കിലും നിങ്ങൾക്കുവേണ്ടേ? ഈ രീതിയിൽ പോയാൽ മക്കളുടെ ഭാവി എന്താകും? അതുകേട്ടപ്പോൾ അഞ്ജുവിന്റെ ഡാഡിക്ക് അല്പംകൂടി ദേഷ്യം പെരുത്തു. അയാൾ യഥാർത്ഥത്തിൽ കലി ബാധിച്ചവനെപ്പോലെയായി. അയാൾ അലറി വിളിച്ചുകൊണ്ട് പറഞ്ഞു. മതിയെടീ നിന്റെ മക്കളെ നോട്ടം. മക്കളെക്കുറിച്ച് വിചാരമുണ്ടായിരുന്നെങ്കിൽ നീ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരുന്നേനെ. ആർക്കറിയാം നീ ഓപ്പറേഷൻ തിയറ്ററിലായിരുന്നോ എന്ന്? അതോ വല്ലവന്റെയും കൂടെ കൂത്താടുകയായിരുന്നോ എന്ന്. എന്റെ ഭാര്യയായി ജീവിക്കണമെങ്കിൽ ആറുമണിക്ക് വീട്ടിലെത്തിക്കോളണം. അതു കഴിഞ്ഞിട്ടുള്ള അഴിഞ്ഞാട്ടമൊന്നും ഞാൻ സമ്മതിക്കുകയില്ല. നിന്നെയും നിന്റെ മക്കളെയും പത്തുതലമുറവരെ പോറ്റാനുള്ളത് ഞാൻ സമ്പാദിക്കുന്നുണ്ട്. നിന്റെ നക്കാപ്പിച്ച ശമ്പളം കിട്ടിയിട്ടു വേണ്ട എന്റെ കുട്ടികൾക്ക് അരി മേടിക്കുവാൻ. ബാക്കി ഞാൻ പറയാം നീയിങ്ങു വന്നേരേ. അയാൾ പല്ലിറുമ്മിക്കൊണ്ട് ഫോൺ ഡിസ്‌കണക്ട് ചെയ്തു.
സർക്കാർ സർവീസിൽ ഉയർന്ന ഉദ്യോഗം വഹിച്ചിരുന്നവനായിരുന്നു എഞ്ചിനിയറായ ജേക്കബ് തോമസ്. രണ്ടുമൂന്നു വർഷം മുൻപ് അയാൾ ജോലിരാജിവച്ച് ബിസിനസ് ഫീൽഡിലേക്ക് എടുത്തുചാടി. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാനുള്ള വരം കിട്ടിയാലെന്നവണ്ണം അയാൾ ബിസിനസിൽ നന്നായി ശോഭിച്ചു. കോടികളുടെ ലാഭമുള്ള അയാൾ ഭാര്യ ഡോ. അന്നയോട് ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഡോ. അന്ന അതിന് തയാറായില്ല. അന്നു തുടങ്ങിയതാണ് അവർ തമ്മിലുള്ള വഴക്ക്. രണ്ടുപേരും ഞാനോ നീയോ വലുത് എന്ന രീതിയിൽ എല്ലാ ദിവസവുംതന്നെ കശപിശ ഉണ്ടാക്കുമായിരുന്നു. കുട്ടികളുടെ കാര്യം നോക്കാൻ വീട്ടിൽ ആനിയമ്മയുണ്ടല്ലോ. പിന്നെ ഞാനെന്തിന് ജോലി രാജിവയ്ക്കണം എന്നായിരുന്നു ഡോ. അന്നയുടെ ചിന്ത. രണ്ടുപേരുടെയും വാശിപിടുത്തങ്ങൾ കുടുംബാന്തരീക്ഷത്തെ അനുദിനവും മലിമസമാക്കിക്കൊണ്ടിരുന്നു. കുട്ടികൾ സ്‌നേഹം കിട്ടാതെ വളരാനും തുടങ്ങി.
ഡോ. അന്നയോട് സംസാരിച്ചുകഴിഞ്ഞശേഷം അയാൾ കനത്ത കാൽവയ്പുകളോടെ കമ്പ്യൂട്ടർ റൂമിലേക്ക് പോയി. കൂടുതൽ വഴക്കുണ്ടാകാതിരിക്കാൻ അതാണ് നല്ലതെന്ന് അയാൾക്ക് തോന്നി. പോകുന്ന വഴിക്ക് അഞ്ജുമോൾ പ്രോഗ്രസ് കാർഡും കൈയിൽ പിടിച്ച് തേങ്ങുന്ന സ്വരത്തിൽ വിളിച്ചു ‘ഡാഡീ.’ അയാൾ ഒന്നും മിണ്ടിയില്ല. അവൾ മെല്ലെ മെല്ലെ ധൈര്യം സംഭരിച്ച് കമ്പ്യൂട്ടർ റൂമിന്റെ പടിവരെ എത്തി. കരച്ചിലിന്റെ വക്കോളമെത്തിയ അവൾ പേടിച്ചു പേടിച്ച് വീണ്ടും വിളിച്ചു ‘ഡാഡീ…” കമ്പ്യൂട്ടറിനുമുൻപിൽനിന്ന് അയാൾ തലതിരിച്ചുനോക്കി. മ്ഉം എന്തുവേണം എന്ന് അഞ്ജുമോളോട് ചോദിച്ചു. ഉത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് അവൾ ചോദിച്ചു, ”ഡാഡീ എന്നോട് ഒന്നു മിണ്ടാമോ?” അതുകേട്ട് അയാൾ ഒന്നു ഞെട്ടി. പൊട്ടിക്കരയുന്ന അഞ്ജുവിനെ വാരിയെടുത്തുകൊണ്ട് അയാൾ ചോദിച്ചു. ”മോളേ, എന്റെ പൊന്നുമോൾക്കെന്തു പറ്റി? നീയെന്തിനാ കരയുന്നത്?”
അവൾ പറഞ്ഞു, ഡാഡി എന്നോട് മിണ്ടിയിട്ട് എത്ര ദിവസമായി. എനിക്ക് ക്ലാസിലും സ്‌കൂളിലും ഫസ്റ്റ് കിട്ടി. പക്ഷേ ആരും എന്നോട് ഒന്നും മിണ്ടുന്നില്ല. ആദർശേട്ടൻ മൊബൈലിൽ, ആനിയമ്മ അടുക്കളയിൽ, ഡാഡി കമ്പ്യൂട്ടറിന്റെ മുൻപിൽ, മമ്മി എപ്പോഴും ഹോസ്പിറ്റലിൽ. അഞ്ജുമോൾക്ക് ആരുമില്ല. ആരും അഞ്ജുമോളോട് മിണ്ടുന്നില്ല. ട്യൂഷൻ മിസ് മാത്രം മിണ്ടുന്നു. അതുകൊണ്ട് അഞ്ജുമോൾക്ക് സ്‌കൂളിൽ ഫസ്റ്റെങ്കിലും കിട്ടി. ഇനിയും ആരും മിണ്ടുന്നില്ലെങ്കിൽ അഞ്ജുമോൾക്കും ഒരു മൊബൈൽ വാങ്ങിത്തന്നേരെ. അഞ്ജുമോൾ എപ്പോഴും ഫ്രണ്ട്‌സിനോട് ചാറ്റു ചെയ്തുകൊള്ളാം.
അഞ്ജുമോളുടെ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടുള്ള വാക്കുകൾ അവളുടെ ഡാഡിയെ ഒരിക്കൽകൂടി ഞെട്ടിച്ചു. തന്റെ കാല്ക്കീഴിൽനിന്ന് ഭൂമി ഉരുണ്ടുമാറുന്നതുപോലെ അയാൾക്ക് തോന്നി. താൻ ആർക്കുവേണ്ടി സമ്പാദിക്കുന്നുവോ ആ മക്കളെ താൻ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുകയാണെന്ന് അന്നാദ്യമായി അയാൾക്ക് തോന്നി. അയാൾ അഞ്ജുവിന്റെ മുഖത്ത് തുരുതുരാ മുത്തം കൊടുത്തു. അവളെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ഇല്ല മോളെ, ഇല്ല. ഇനിമുതൽ ഡാഡി വീട്ടിൽ വന്നാൽ മോളോട് മിണ്ടും. മോൾ ഉറങ്ങിക്കഴിഞ്ഞിട്ടേ ഡാഡി കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരിക്കൂ. ആ സുന്ദര നിമിഷങ്ങൾക്ക് സാക്ഷ്യം നല്കാനെന്നവിധം ഡോ. അന്നയുമെത്തി. അയാൾ അന്നയോട് പറഞ്ഞു, അന്നാ, ഞാൻ നിന്നോട് റൈസായി നീ ക്ഷമിക്ക്. എന്റെ ടെൻഷൻകൊണ്ട് പറഞ്ഞതാണ്. അന്ന പറഞ്ഞു, ഞാനാണ് ക്ഷമ ചോദിക്കേണ്ടത്. എനിക്ക് ശാന്തമായി മറുപടി പറയാമായിരുന്നു. അവർ രണ്ടുപേരും അഞ്ജുവിന്റെ പ്രോഗ്രസ് റിപ്പോർട്ട് ഒത്തിരി സന്തോഷത്തോടെ നോക്കിക്കണ്ടു. മോളെ അഭിനന്ദിച്ചു. നാളുകളായി ആദ്യമായി അവർ ഒന്നിച്ചുകൂടി സന്ധ്യാപ്രാർത്ഥന നടത്തി. അല്ലായിരുന്നെങ്കിൽ ആനിയമ്മയും കുട്ടികളും ചേർന്നുള്ള ഒരു ചടങ്ങുമാത്രമായിരുന്നു ആ വീട്ടിലെ സന്ധ്യാപ്രാർത്ഥന.
അന്ന് അത്താഴത്തിനുശേഷം ജേക്കബ് തോമസും അന്നയുംകൂടി ഒത്തിരി കാര്യങ്ങൾ പങ്കുവച്ചു. ജേക്കബ് തോമസ് ബിസിനസ് ഫീൽഡിലേക്ക് മാറിയതുമുതൽ അവർ തമ്മിൽ അങ്ങനെയൊരു പങ്കുവയ്ക്കൽ നടന്നിട്ടില്ല. അയാൾ പറഞ്ഞു. ഞാനാണ് കൂടുതൽ കുറ്റക്കാരൻ. എല്ലാ ദിവസവും രാത്രിയിൽ കിടക്കയിൽ ഇത്തിരിയൊന്നു മിണ്ടാനായി നീ എനിക്കുവേണ്ടി കാത്തിരിക്കുന്നത് ഞാൻ കാണാഞ്ഞിട്ടല്ല. മിണ്ടാൻ സത്യത്തിൽ സമയമുള്ളപ്പോഴും ഞാൻ നിന്നെ അവഗണിച്ചു. നീയും കുട്ടികളും വീട്ടിൽ ഇല്ലെന്നുള്ള വിധത്തിൽ ബിസിനസ് കാര്യങ്ങളിൽ കുടുങ്ങി ഞാൻ ജീവിച്ചു. എനിക്കൊരു തിരുത്തൽ ആവശ്യമായിരുന്നു. അഞ്ജുമോളുടെ പൊട്ടിക്കരച്ചിൽ അതിന് കാരണമായി. അന്നയും തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു. കുട്ടികളെയും ഭർത്താവിനെയും അവഗണിച്ച് ഹോസ്പിറ്റലിൽ ഡ്യൂട്ടിമാത്രം ശരണംവച്ച് ജീവിച്ചതിന് അവളും തെറ്റ് ഏറ്റുപറഞ്ഞു. ആദർശിനോട് നിശ്ചിതമായ സമയത്തുമാത്രമേ മൊബൈൽ ഉപയോഗിക്കാവൂ എന്ന് നിർദേശം നല്കി. പ്രത്യേകിച്ചും ഭക്ഷണസമയത്തും കുടുംബാംഗങ്ങൾ ഒന്നിച്ചുകൂടുമ്പോഴും മൊബൈൽ ഉപയോഗിക്കരുതെന്ന് വിലക്ക് നല്കി. എല്ലാ ദിവസവും വീട്ടിലുള്ളവർ ഒരുമിച്ചുകൂടി സന്ധ്യാപ്രാർത്ഥന നടത്തുവാൻ തീരുമാനിച്ചു. ആനിയമ്മ ഇതെല്ലാം കേട്ട് നെറ്റിയിൽ കുരിശുവരച്ച് ദൈവത്തിന് നന്ദി പറഞ്ഞു. ഒരു പൊട്ടിക്കരച്ചിൽ ഒരു പുതിയ പ്രഭാതത്തിലേക്ക് ആ കുടുംബത്തെ നയിച്ചു.
മൊബൈലും ഇന്റർനെറ്റും ടി.വിയും മറ്റു മാധ്യമങ്ങളുടെ സാധ്യതകളുമെല്ലാം ആധുനിക മനുഷ്യന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവുകളാണ്. എന്നാൽ ഈ സാധ്യതകൾ വകതിരിവും സമയഭേദവുമില്ലാതെ ഉപയോഗിച്ച് മനുഷ്യൻ തന്റെ സ്രഷ്ടാവായ ദൈവത്തിൽനിന്നും സഹജീവികളായ മനുഷ്യരിൽനിന്നും അകലുന്നു. കുടുംബബന്ധങ്ങൾ ശിഥിലമാകുന്നു. ആർക്കും പരസ്പരം സംസാരിക്കാനോ പരസ്പരം താങ്ങാനോ പങ്കുവയ്ക്കാനോ കഴിയാതെ പോകുന്നു. കുടുംബപ്രാർത്ഥനകൾ അന്യംവന്നുപോകുന്നു. ഫലമോ നിറഞ്ഞ അസമാധാനവും പരസ്പരമുള്ള കലഹവും. കുടുംബത്തിന്റെ പ്രാർത്ഥനയുടെ വിളക്കായി ശോഭിക്കേണ്ട വല്യമ്മച്ചിമാർപോലും ഇപ്പോൾ സീരിയലുകളുടെ പിന്നാലെ പോകുന്നു. പിന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ.
ഈ വിധത്തിൽ തകർന്നുകൊണ്ടിരിക്കുന്ന മനുഷ്യഗണത്തെ നോക്കി വിലപിക്കുന്ന പിതാവ് പ്രവാചകനിലൂടെ ഇപ്രകാരം പറഞ്ഞു: ”ഈ ജനം രണ്ടു തിന്മകൾ ചെയ്തു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു. ജലം സൂക്ഷിക്കുവാൻ കഴിയാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു” (ജറെമിയ 2:13). കർത്താവ് പറയുന്നു: ”ഇതൊക്കെ ആയിട്ടും ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ല. അവിടുത്തേക്ക് എന്നോട് യാതൊരു കോപവുമില്ല എന്ന് നീ പറയുന്നു. പാപം ചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ട് ഞാൻ നിന്നെ കുറ്റം വിധിക്കും” (ജറെമിയ 2:35).
വീണ്ടും അവിടുന്ന് അരുളി ചെയ്യുന്നു ”ഇസ്രായേലേ നീ തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ എന്റെ അടുത്തേക്ക് വരിക. എന്റെ സന്നിധിയിൽനിന്നും മ്ലേച്ഛത നീക്കിക്കളയുകയും വഴിതെറ്റിപ്പോകാതിരിക്കുകയും ജീവിക്കുന്നവനായ കർത്താവിന്റെ നാമത്തിൽ പരമാർത്ഥമായും നീതിയായും സത്യസന്ധമായും ശപഥം ചെയ്യുകയും ചെയ്താൽ ജനതകൾ പരസ്പരം അവിടുത്തെ നാമത്തിൽ അനുഗ്രഹിക്കും. കർത്താവിലായിരിക്കും അവരുടെ മഹത്വം” (ജറെമിയ 4:1-2).
സ്റ്റെല്ല ബെന്നി
അടുത്ത ലക്കത്തിൽ തുടരും.....

സോറി, ഞാൻ വളരെ ബിസിയാണ്





(കഴിഞ്ഞ ലക്കത്തിലെ ‘ഡാഡീ…. എന്നോടൊന്ന് മിണ്ടുമോ?’ എന്ന ലേഖനത്തിന്റെ തുടർച്ച.)
അഭ്യസ്തവിദ്യയായ ഒരു വീട്ടമ്മയാണ് റോസ്‌മേരി. ഉന്നത ഉദ്യോഗസ്ഥയാകാൻ എല്ലാവിധ സാധ്യതയും ഉണ്ടായിരുന്നവൾ. പക്ഷേ, അവൾ ജോലി വേണ്ടെന്നുവച്ചു. കുടുംബത്തിന്റെ നല്ല നടത്തിപ്പിനുവേണ്ടിയും കുട്ടികളെ നന്നായി വളർത്തുന്നതിനുവേണ്ടിയും ഭർത്താവിന് തക്കതായ ശുശ്രൂഷ നല്കുന്നതിനുവേണ്ടിയും മറ്റുമാണ് അവൾ ഇങ്ങനെയൊരു ധീരമായ തീരുമാനം എടുത്തത്. ഭർത്താവ് ജോസുകുട്ടിയും അതിനെ പിൻതാങ്ങി. കുട്ടികൾക്കും വലിയ സന്തോഷം. ആദ്യമാദ്യമെല്ലാം അവളുടെ സമർപ്പണം എല്ലാവരും അംഗീകരിച്ചു. ഈ വീട്ടിൽ എനിക്ക് ചെയ്യാനുള്ള ജോലിയേ ഉള്ളൂ. അതുകൊണ്ട് വേലക്കാരി വേണ്ട; അവൾ പറഞ്ഞു. അവൾ നന്നായിത്തന്നെ കുടുംബം മാനേജ് ചെയ്യുകയും ചെയ്തു.
പക്ഷേ, വീട്ടിൽ വന്നിട്ടും ഭർത്താവ് കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും മുൻപിൽ സദാസമയവും കുത്തിയിരിക്കാൻ തുടങ്ങിയപ്പോൾ റോസ്‌മേരി വിഷമത്തിലായി. പിന്നീടത് കിടപ്പറയിൽപോലും ഒന്നിക്കാത്ത ബന്ധമായി മാറി. കുട്ടികളും വഴിതെറ്റി. പ്ലസ്ടു/ഡിഗ്രി വിദ്യാർത്ഥികളായ അവർക്ക് കൈയിലിരിക്കുന്ന മൊബൈലിൽ വിരൽത്തുമ്പിന്റെ ചലനത്തിൽ ഇന്റർനെറ്റിന്റെ സാധ്യതകൾ തെളിഞ്ഞപ്പോൾ അവർ സദാ അതിൽ മുഴുകി. അമ്മയെ മറന്നു. തങ്ങൾക്കാവശ്യമുള്ളതെല്ലാം തക്കസമയത്ത് എത്തിച്ചുതരുന്ന ഒരു ഉപകരണംപോലെയായി അവർക്ക് അമ്മ. ഭക്ഷണമേശയിൽപോലും ഒരു കൈ മൊബൈലിലായിരിക്കും. സ്‌കൂളിലെയോ കോളജിലെയോ എന്തെങ്കിലും കാര്യങ്ങൾ ചോദിച്ചാൽ അവർ എന്തെങ്കിലും ഉത്തരം മനസില്ലാ മനസോടെ തട്ടിമുട്ടി പറയും. കൂടുതൽ ചോദിച്ചാൽ അവർ പറയും, സോറി അമ്മ ഞാനിത്തിരി ബിസിയാണ്.
വീട്ടിലെ പണികളെല്ലാം ഒതുക്കി ഭർത്താവിനോട് എന്തെങ്കിലും മിണ്ടാനായി ബെഡ്‌റൂമിൽ ചെന്നാൽ ഭർത്താവ് കമ്പ്യൂട്ടറിന്റെ മുൻപിലായിരിക്കും. അതിൽനിന്ന് പിന്തിരിപ്പിക്കാനായി റോസ് എന്തെങ്കിലും ചോദിച്ചാൽ ഉടനടി അയാൾ ക്ഷോഭിക്കും. ”നിനക്കെന്താ ബോധമില്ലേ? ഞാനൊരു കാര്യം ചെയ്യുന്നതു കണ്ടില്ലേ? എന്നെ ശല്യപ്പെടുത്തരുത്.” നിങ്ങളെപ്പോഴും ഇങ്ങനെ പറഞ്ഞാൽ ഞാൻ പിന്നെ ആരോടു മിണ്ടും? റോസ്‌മേരി ചോദിച്ചു. അതുകേട്ടാലെന്നവണ്ണം അയാൾ പറഞ്ഞു, സോറി റോസ്. ഞാനിന്നല്പം ബിസിയാണ്. പറയാനുള്ളത് പിന്നീടെപ്പോഴെങ്കിലും പറയാം.
പല ദിവസങ്ങളിലും ഇതുതന്നെയോ ഇതിനു തുല്യമായ മറ്റെന്തെങ്കിലുമോ ആവർത്തിച്ചപ്പോൾ അവൾ പൊട്ടിത്തെറിച്ചു. അവൾ പറഞ്ഞു: ”നിങ്ങൾ അപ്പനും മക്കളും മനുഷ്യരല്ല, മൃഗങ്ങളാണ്. മൃഗങ്ങളെന്നു ഞാൻ പറയുന്നില്ല. കാരണം മൃഗങ്ങളും ഭക്ഷണം നല്കുന്നവരോട് നന്ദി കാണിക്കും. നിങ്ങൾക്ക് അതുപോലുമില്ല.” വീട്ടിൽ കുടുംബപ്രാർത്ഥനയില്ല. അഥവാ പ്രാർത്ഥിക്കാനിരുന്നാൽത്തന്നെ മറ്റെവിടെയോ മനസാക്കി ആങ്ങിത്തൂങ്ങി എന്തെങ്കിലും ചൊല്ലിക്കൂട്ടും. പ്രാർത്ഥനകൾ ചൊല്ലുന്നത് കേട്ടാലറിയാം മനസ് മറ്റെവിടെയോ ആണെന്ന്. ഊണുമേശയിൽപ്പോലും പരസ്പര ഉരിയാട്ടമില്ല. ന്യൂസ്ചാനൽ ഓൺ ചെയ്തുവച്ചുകൊണ്ടായിരിക്കും ഭക്ഷണം കഴിക്കുക. രുചികരമായി പാകം ചെയ്ത വിഭവങ്ങൾ യാതൊരു പ്രതികരണവുമില്ലാതെ ടി.വിയിലോ മൊബൈലിലോ കണ്ണുനട്ട് കഴിക്കുമ്പോൾ ഉണ്ടാക്കി വിളമ്പിയവൾ ചോദിക്കും, എങ്ങനെയുണ്ട് എന്റെ പുതിയ കോഴിക്കറി? ങ്ഹാ കുഴപ്പമില്ല എന്ന് വേണ്ടും വേണ്ടാക്കി പറയുമ്പോഴും ഒരു ശല്യം ഒഴിവാക്കിയ പ്രതീതിയേ അവരുടെ മുഖത്തുണ്ടാകൂ.
ഒറ്റപ്പെടലിന്റെ ഭീകരത
ജീവിതത്തിലെ ഒറ്റപ്പെടൽ സഹിക്ക വയ്യാനാവാതെ റോസ് ഒരു കൗൺസിലറെ സമീപിച്ചു. അദ്ദേഹം പ്രതിവിധി പറഞ്ഞുകൊടുത്തു. ആ പ്രതിവിധിയുമായി അവൾ വീട്ടിലെത്തി. പിറ്റേദിവസം പ്രഭാതത്തിലുണർന്ന് ഭർത്താവും കുട്ടികളും ഉണരുംമുൻപേ ആ ദിവസത്തേക്കുവേണ്ട ഭക്ഷണമെല്ലാം പാകം ചെയ്ത് മേശപ്പുറത്ത് വച്ചു. ബെഡ്‌കോഫി കഴിക്കുന്ന സമയത്ത് അത് കിടക്കയിൽ കിട്ടാതെ വന്നപ്പോൾ ജോസുകുട്ടി വിളിച്ചു. റോസ്, കോഫി കൊണ്ടുവരാത്തതെന്തേ? പക്ഷേ, ആ വിളി കേൾക്കാൻ അവിടെ ആരുമുണ്ടായിരുന്നില്ല.
പക്ഷേ, ഒരു കുറിപ്പ് തലയിണയോട് ചേർത്ത് പിൻചെയ്തിരുന്നു. സോറി, അച്ചായാ ഞാൻ കുർബാനയ്ക്ക് പള്ളിയിൽ പോകുന്നു. ഇന്ന് അമ്മച്ചിയുടെ ആണ്ടാണ്. കോഫി മേശപ്പുറത്ത് ഫ്‌ളാസ്‌ക്കിൽ ഉണ്ട്. പണികൾ തീരാൻ നിന്നതുകൊണ്ട് സമയം പോയി. ഞാനല്പം ബിസിയാണ്. അച്ചായൻ ഫ്‌ളാസ്‌ക്കിൽ നിന്നും കാപ്പിയെടുത്ത് കുടിക്കണേ. ജോസുകുട്ടിക്കത് തീരെ പിടിച്ചില്ല. ബെഡ്‌കോഫി ബെഡിൽ കിട്ടാതെ വന്നപ്പോൾ അയാൾ അസ്വസ്ഥനായി. കുട്ടികൾക്കും കിട്ടി ഒരു കുറിപ്പ്. മക്കളേ, ബെഡ്‌കോഫിയും ബ്രേക്ക്ഫാസ്റ്റും മേശപ്പുറത്ത് വച്ചിട്ടുണ്ട്. നന്നായി കഴിക്കണം. അമ്മ അല്പം ബിസിയാണ്.
പള്ളിയിൽ കഴിഞ്ഞുവന്ന റോസ്‌മേരി അകത്തു കയറിയില്ല. അന്നത്തെ ന്യൂസ്‌പേപ്പർ വിടർത്തി വായിച്ചുകൊണ്ട് സിറ്റൗട്ടിലിരുന്നു. തന്റെയൊപ്പം ന്യൂസ്‌പേപ്പർ വായിച്ചുകൊണ്ട് സിറ്റൗട്ടിലിരിക്കുന്ന റോസിനെ ഭർത്താവിന് തീരെ പിടിച്ചില്ല. അയാൾ മുരടനക്കി ശ്രദ്ധ ക്ഷണിച്ചു. അവൾ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ ഇങ്ങനെ ചോദിച്ചു. ഇന്നെന്താ പതിവില്ലാത്ത ഒരു പത്രം വായന? അവൾ പറഞ്ഞു, സോറി അച്ചായാ ഞാൻ സീരിയസായൊരു കാര്യം നോക്കുകയാണ്. സോറി ഞാനല്പം ബിസിയാണ്.
എല്ലാ ദിവസവും സ്‌നേഹത്തോടുകൂടി ബ്രേക്ക്ഫാസ്റ്റിന് വിളിച്ചിരുന്ന റോസിന്റെ ബ്രേക്ക്ഫാസ്റ്റിനുള്ള ക്ഷണം കിട്ടാതായപ്പോൾ അപ്പനും മക്കളും ചൂടാകാൻ തുടങ്ങി. അയാൾ ചോദിച്ചു, റോസേ എന്തൊരിരിപ്പാണിത്. സമയം എന്തായെന്നറിയാമോ? മക്കൾ ചോദിച്ചു, അമ്മയ്ക്ക് പത്രം ഞങ്ങൾ പോയിട്ട് വായിച്ചാൽ പോരേ. അവൾ ഇരുന്ന ഇരുപ്പിൽ പറഞ്ഞു, അച്ചായാ, മക്കളേ, സോറി. ഞാനല്പം തിരക്കിട്ടൊരു ന്യൂസ് നോക്കുകയാണ്. ബ്രേക്ക്ഫാസ്റ്റ് മേശപ്പുറത്തുണ്ടല്ലോ. അന്നാദ്യമായി അവർ അമ്മയുടെ പരിചരണം കൂടാതെ ഭക്ഷണം കഴിച്ചു. പോകാൻ നേരം അവർ ചോദിച്ചു, അമ്മേ ടിഫിൻ? ഇന്നലെ വൃത്തിയാക്കാതെ കൊണ്ടുവന്ന ടിഫിൻബോക്‌സുകൾ വൃത്തിയാക്കിയിട്ടില്ല. മക്കളത് വൃത്തിയാക്കി ഭക്ഷണം എടുത്തുകൊണ്ടുപോകൂ. എനിക്ക് നല്ല ക്ഷീണം തോന്നുന്നു. ഞാനൊന്ന് കിടക്കട്ടെ. അവൾ ബെഡിലേക്ക് ചരിഞ്ഞു. അവർ പരസ്പരം നോക്കി. വാടാ നമുക്ക് കാന്റീനിൽനിന്ന് കഴിക്കാം. അവരുടെ ജീവിതത്തിലെ ആദ്യത്തെ കാന്റീൻഭക്ഷണം.
റോസേ ഇന്നെനിക്ക് കൊണ്ടുപോകേണ്ട ഷർട്ട് ഏതാണ്? ജോസുകുട്ടി ചോദിച്ചു. ഇന്നലെ ഞാൻ അല്പം ബിസി ആയിരുന്നു. അയൺ ചെയ്തിട്ടില്ല. ഇന്നെനിക്ക് ക്ഷീണമാണ്. അച്ചായനൊന്ന് അയൺ ചെയ്‌തെടുക്കൂലേ? ജോസുകുട്ടിക്ക് ദേഷ്യം വന്നു. പക്ഷേ. അയാൾ ഒന്നും പറഞ്ഞില്ല. സുഖമില്ല എന്ന് പറയുന്നവളോട് കയർക്കാനാവുമോ?
അയാൾ തിടുക്കത്തിൽ അയൺ ചെയ്ത് ഡ്രസ് ധരിച്ചു. പക്ഷേ, ഒരു പ്രശ്‌നം ടൈ കാണാനില്ല. അയാൾ വീണ്ടും വിളിച്ചു, റോസേ എന്റെ ടൈ എവിടെ? ഓ, അച്ചായാ ഞാനതു ശ്രദ്ധിച്ചില്ല. ഇന്നലെ ഞാനല്പം ബിസിയായിരുന്നതുകൊണ്ട് അച്ചായൻ ടൈ എവിടെയാണ് ഊരിയിട്ടതെന്ന് മറന്നുപോയി. അച്ചായൻ ഒന്ന് തപ്പുമോ? അയാൾക്ക് ദേഷ്യം ഇരട്ടിച്ചു. പക്ഷേ, ഒന്നും പറയാനാവില്ലല്ലോ. വയ്യാ എന്നു പറഞ്ഞു കിടക്കുന്നവളോട് എന്തു പറയാൻ. അയാൾ പലയിടത്തും തപ്പി, പക്ഷേ കിട്ടിയില്ല. അയാൾ റോസിനോട് ചൂടായിക്കൊണ്ട് പറഞ്ഞു, നിനക്കറിയാമോ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വലിയ സ്ഥാപനത്തിലെ എം.ഡിയാണ് ഞാൻ. ടൈ കെട്ടാതെ ഞാനെങ്ങനെ ഓഫിസിൽ പോകും? എന്റെ കീഴിലുള്ള ഓഫിസേഴ്‌സും ക്ലർക്കുമാരുമെല്ലാം ടൈ കെട്ടിവരുമ്പോൾ എം.ഡിയായ ഞാൻ അതില്ലാതെ പോയാൽ എത്ര നാണക്കേടാണ്. അവൾക്ക് അനുകമ്പ തോന്നി. വേച്ചുവേച്ച് എന്നവണ്ണം എഴുന്നേറ്റുപോയി ടൈ തപ്പി കണ്ടുപിടിച്ച് കൊടുത്തു. അപ്പോഴേക്കും സമയം വൈകി. അതിന്റെ ദേഷ്യമായി റോസിനോട്. വാച്ചിൽ നോക്കി അക്ഷമനായിക്കൊണ്ടു പറഞ്ഞു. ദേ സമയം ഇത്രത്തോളമായി.
അന്ന് ഓഫിസിൽവച്ച് അയാൾ ആരോടൊക്കെയോ ചൂടായി, ആരോടൊക്കെയോ പൊട്ടിത്തെറിച്ചു. ദേഷ്യം മുഴുവൻ റോസിനോടായിരുന്നു. എല്ലാ ദിവസവും എട്ടുമണി കഴിഞ്ഞ് വീട്ടിലെത്തിയിരുന്ന അയാൾ അന്ന് അഞ്ചുമണി കഴിഞ്ഞപ്പോൾത്തന്നെ ഓഫിസിൽനിന്നും ഇറങ്ങി. മക്കൾ വന്നുകയറിയപ്പോൾത്തന്നെ അയാളും വന്നു. റോസ് ഉടനെ ഭർത്താവിനും മക്കൾക്കും ചായ എടുത്തു. കഴിക്കാൻ ബിസ്‌ക്കറ്റും. ഒരു ക്ഷമാപണത്തോടെ റോസ് പറഞ്ഞു. സ്‌നാക്‌സൊന്നും ഉണ്ടാക്കാൻ പറ്റിയില്ല. ക്ഷീണം മാറിയപ്പോൾ ഉച്ചകഴിഞ്ഞ് ഞാൻ ഒരു കുക്കിംഗ് ക്ലാസിൽ പങ്കെടുക്കാൻ പോയി. നേരം വൈകിയതുകൊണ്ട് ഞാനല്പം ബിസിയായിപ്പോയി. സ്‌നാക്‌സ് ഉണ്ടാക്കാൻ സമയം കിട്ടിയില്ല. അയാൾക്ക് റോസിനോട് ഉള്ളിലുള്ള ദേഷ്യം ഇരട്ടിയായി. പൊട്ടിത്തെറിച്ചുകൊണ്ട് ജോസുകുട്ടി ചോദിച്ചു, നീയെന്താ കളിയാക്കുകയാണോ എന്നെ. രാവിലെ മുതൽ നീ പറയുന്നതാണല്ലോ ബിസി ബിസി ബിസി എന്ന്. എന്തു ബിസി? എവിടുത്തെ ബിസി? നിനക്കിവിടെ മറ്റെന്താ പണി? മല മറിക്കാനൊന്നും പോകേണ്ടതില്ലല്ലോ. തിന്നുകുടിച്ച് സുഖമായി ഇവിടെ കഴിഞ്ഞാൽ പോരേ? ഇനിമേലിൽ എന്നോട് ബിസി എന്നൊരു വാക്ക് മിണ്ടിപ്പോകരുത്. മക്കളും അതു ശരിവച്ചു.
ശാന്തത കൈവിടാതെ റോസ്‌മേരി ഭർത്താവിന്റെയും മക്കളുടെയും അടുത്തിരുന്നു. അവൾ ചോദിച്ചു, അല്ല അച്ചായാ നിങ്ങളിപ്പോൾ എന്തിനാണ് ദേഷ്യപ്പെട്ടത്? നിങ്ങൾ രണ്ടുകൂട്ടരും അതായത് അപ്പനും മക്കളും എല്ലാ ദിവസവും പലവട്ടം എന്നോട് പറയുന്ന ബിസി എന്ന ഒരു വാക്ക് ഒരു ദിവസംമാത്രം ഞാൻ കുറച്ചുപ്രാവശ്യം പറഞ്ഞപ്പോഴേക്കും നിങ്ങൾ അസ്വസ്ഥരായി പൊട്ടിത്തെറിച്ചു. ഇത് എല്ലാ ദിവസവും പലവട്ടം കേൾക്കുന്ന എന്നെക്കുറിച്ച് നിങ്ങളെന്താ ഒരു നിമിഷംപോലും ചിന്തിക്കാത്തത്? അതിരാവിലെ അഞ്ചുമണിക്ക് എഴുന്നേല്ക്കുന്നവളാണ് ഞാൻ. രാത്രി പത്തുമണിവരെ നിങ്ങൾ അപ്പനും മക്കൾക്കുംവേണ്ടി ഉരുകിത്തീരുന്നതാണ് എന്റെ ജീവിതം.
ഉച്ചയ്ക്ക് അരമണിക്കൂർ റെസ്റ്റെടുക്കുന്നതൊഴിച്ച് ബാക്കി മുഴുവൻ സമയവും അപ്പനും മക്കൾക്കും ഈ വീടിനുംവേണ്ടി ജീവിക്കുന്നവളാണ് ഞാൻ. ഫ്‌ളാസ്‌ക്കിൽ എടുത്തുവച്ചിരിക്കുന്ന കാപ്പി വിളമ്പിക്കിട്ടിയില്ല എന്ന കാരണത്താൽ കുടിക്കാൻ മടിച്ചവരാണ് നിങ്ങൾ മൂന്നുപേരും. എനിക്ക് മനസിലായി ഞാനാണ് നിങ്ങളെ ചീത്തയാക്കിയതെന്ന്. വീടിനും കുടുംബത്തിനുംവേണ്ടി റെസ്റ്റില്ലാതെ അധ്വാനിക്കുന്ന ഞാൻ വൈകുന്നേരമാകുമ്പോൾ കാത്തിരിക്കുന്നത് നിങ്ങളുടെ തിരിച്ചുവരവിനുവേണ്ടിയാണ്. എന്തെങ്കിലും ഒരു വാക്ക് മിണ്ടിക്കൂടേ നിങ്ങൾക്ക് മൂന്നുപേർക്കും. ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കുപോലും നിങ്ങൾ മൂന്നുപേരും പലപ്പോഴും ഉത്തരം തരാറില്ല. അമ്മേ ഞാൻ ബിസിയാണ് എന്ന് മക്കളും റോസേ ഞാൻ ബിസിയാണ്, ഇന്റർഫിയർ ചെയ്യരുത് എന്ന് അച്ചായനും കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും മൊബൈലിന്റെയും മുൻപിലിരുന്ന് പറയുന്നു.
വാട്‌സാപ്പും ഫെയിസ്ബുക്കും ചാറ്റിങ്ങും എല്ലാം എനിക്കുമാകാം. ഞാനും തുടങ്ങാം ഈ പണി. ഈ വീട്ടിൽ ഞാനെന്ന ഒരു വ്യക്തി മനുഷ്യസഹജമായ വികാരങ്ങളോടെ ജീവിച്ചിരിക്കുന്നു എന്നുപോലും ചിന്തിക്കാതെയാണ് നിങ്ങളുടെ മൂന്നുപേരുടെയും പോക്ക്. നിങ്ങളുടെ ഓരോരുത്തരുടെയും ടേസ്റ്റനുസരിച്ച് ഞാൻ ഉണ്ടാക്കിവയ്ക്കുന്ന ഭക്ഷണസാധനങ്ങൾ കഴിച്ചിട്ട് കൊള്ളാം, നന്നായിരിക്കുന്നു എന്നൊരു വാക്കുപോലും പറയാൻ നിങ്ങൾക്ക് കഴിയാതെ പോകുന്നു. കാരണം, ഭക്ഷണമേശയിൽ നിങ്ങളുടെ കണ്ണുകൾ ന്യൂസ്ചാനലിന്റെ മുൻപിലാണല്ലോ. ഇന്നെനിക്ക് വയ്യ എന്ന് പറഞ്ഞിട്ട് അമ്മയ്‌ക്കെന്തുപറ്റി, ഡോക്ടറെ കാണണമോ എന്ന് മക്കളോ അച്ചായനോ ചോദിച്ചില്ല.
നിങ്ങൾക്ക് കിട്ടാതെപോയ ശുശ്രൂഷകളുടെ പേരിലുള്ള അസംതൃപ്തി മാത്രമായിരുന്നു നിങ്ങളുടെ മുഖത്തും വാക്കുകളിലും. ഞാനും ഒരു മനുഷ്യസ്ത്രീയാണ്. എനിക്കും വേണം സ്‌നേഹവും പരിഗണനയുമെല്ലാം. രാത്രിയിൽ പണിയെല്ലാം ഒതുക്കി ഒരിത്തിരിനേരം നിങ്ങളോടു സംസാരിക്കാം എന്നോർത്ത് ഓടിയെത്തുമ്പോൾ കമ്പ്യൂട്ടറിന്റെ മുൻപിൽ നിങ്ങളെന്നും ബിസിയായിരിക്കും. നിങ്ങൾ വലിയൊരു സ്ഥാപനത്തിന്റെ എം.ഡിയാണെന്ന് ഞാൻ നന്നായറിയുന്നു. പക്ഷേ, ഞാൻ ഒരു ഭാര്യയാണെന്നും അമ്മയാണെന്നും ഭാര്യയുടെയും അമ്മയുടെയും വികാരങ്ങളുള്ള ഒരു മനുഷ്യസ്ത്രീയാണെന്ന് നിങ്ങളും അറിയണം.
ഒത്തിരി വേണ്ട, ഒരിത്തിരി നേരം അതായത് ഒരു പത്തുമിനിട്ട് സമയമെങ്കിലും എന്നോടെന്തെങ്കിലും സംസാരിച്ചിട്ട് അച്ചായന് കമ്പ്യൂട്ടറിന്റെ മുൻപിൽ ഇരുന്നുകൂടേ? ഭക്ഷണമേശയിലെങ്കിലും നാട്ടുകാര്യമറിയാൻ ന്യൂസ്ചാനൽ വയ്ക്കാതെ വീട്ടുകാര്യവും കൊച്ചുവർത്തമാനവും പറഞ്ഞുകൂടെ? എനിക്കിനി ഈ രീതിയിൽ അധികം മുൻപോട്ടു പോകാനാവില്ല. എന്നെ വല്ല മാനസികരോഗാശുപത്രിയിലും കൊണ്ടുപോകേണ്ടിവരും. കാരണം നിങ്ങളുടെ കമ്പ്യൂട്ടറും മക്കളുടെ മൊബൈലും ഇവിടുത്തെ ടി.വിയുമൊക്കെ തല്ലിപ്പൊളിക്കണമെന്ന് പലവട്ടം എനിക്ക് തോന്നിയിട്ടുണ്ട്. ഈ രീതിയിൽ പോയാൽ അത് സംഭവിച്ചെന്നുമിരിക്കും; റോസ് പറഞ്ഞുനിർത്തി. ആ പങ്കുവയ്ക്കൽ അവരുടെ ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾ വരുത്തി. ജോസുകുട്ടി ഒന്നും മിണ്ടാതെ റോസ് പറയുന്നതുകേട്ട് തരിച്ചിരുന്നു. അവർ ഒന്നിച്ച് റോസ്‌മേരിയെ സഹായിച്ച കൗൺസിലറെ പോയി കണ്ടു. ഇന്നാ കുടുംബം സന്തോഷത്തോടെ ജീവിക്കുന്നു.
ഉദ്യോഗസ്ഥരായ വീട്ടമ്മമാർ സഹിക്കുന്നത് മുകളിൽ കണ്ടതിൽ വളരെ കൂടുതലാണ്. രാവിലെ നാലുമണിക്ക് ഉദിക്കുന്ന അവരുടെ സൂര്യൻ അസ്തമിക്കുന്നത് മിക്കവാറും പതിനൊന്ന് മണിക്കാണ്. ചിലരുടേത് പന്ത്രണ്ട് മണിക്കും. രാത്രിയിൽ ജോലിയെല്ലാം ഒതുക്കി അവർ കിടപ്പറയിലേക്ക് ഓടിച്ചെല്ലുന്നത് ശാരീരികസംതൃപ്തിയൊന്നും പ്രതീക്ഷിച്ചുകൊണ്ടേയല്ല. പിന്നെയോ തന്റെ അല്ലലും അലച്ചിലും പ്രതീക്ഷകളും നൊമ്പരങ്ങളുമൊക്കെ ഒരല്പസമയം ഭർത്താവുമൊന്നിച്ച് പങ്കുവയ്ക്കണം എന്നോർത്തുമാത്രമാണ്. പക്ഷേ, പല ഭർത്താക്കന്മാരും ആ സമയത്ത് ഉറങ്ങിക്കഴിയും. ഉറങ്ങാത്തവർക്കാവശ്യം ഒരു പങ്കുവയ്ക്കലല്ല. മറ്റു പലതുമായിരിക്കും.
”എനിക്ക് മറ്റൊന്നും വേണ്ട, എന്നോടൊരിത്തിരി മിണ്ടിയാൽ മാത്രം മതിയെന്ന്” വിലപിക്കുന്ന അനേക വീട്ടമ്മമാർ ഉദ്യോഗസ്ഥരും ഉദ്യോഗരഹിതരും ആയവരെ എനിക്ക് പരിചയമുണ്ട്. കുടുംബത്തിനുവേണ്ടി ഇരട്ടിഭാരം വഹിക്കുന്നവരായ അവർക്ക് നിലനില്ക്കാനും ശക്തി പ്രാപിക്കാനും ഇത്തിരി സ്‌നേഹവും ഇത്തിരി കരുതലും ഇത്തിരി ധാരണയും ഷെയർ ചെയ്യാൻ ഇത്തിരി സമയവുമെല്ലാം ഭർത്താക്കന്മാർ കൊടുത്തേ മതിയാവൂ. അല്ലെങ്കിൽ പൊൻമുട്ടയിടുന്ന താറാവിനെ കൊന്നുതിന്നുന്ന അനുഭവമായിരിക്കും ഉണ്ടാവുക.
ദൈവവും മനുഷ്യനും തമ്മിൽ ഇടമുറിയാത്ത ബന്ധം നിലനിർത്താനും അതുവഴി മനുഷ്യൻ അനുഗ്രഹിക്കപ്പെടാനും മനുഷ്യനും മനുഷ്യനും തമ്മിൽ സുഖകരമായ ധാരണയും ബന്ധവും നിലനിർത്തിക്കൊണ്ടുപോകാനുംവേണ്ടി ദൈവം സാബത്തുകളെ സ്ഥാപിച്ചു. ഇത് ദൈവവും മനുഷ്യനും തമ്മിലുള്ള നല്ല ബന്ധത്തിനുവേണ്ടി മാത്രമാണെന്നാണ് നമ്മളിൽ പലരും ധരിച്ചിരിക്കുന്നത്. പക്ഷേ, അതങ്ങനെയല്ല. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും സാബത്തുകൾ വേണം. മനുഷ്യൻ മനുഷ്യനെ അറിയാൻ, പങ്കുവയ്ക്കാൻ, പരസ്പരം താങ്ങാൻ, ഒരു മനസോടെ മുന്നോട്ടുപോകാൻ സാബത്തുകൾ വേണം. എങ്കിൽ മാത്രമേ ദൈവമനുഷ്യബന്ധത്തിലൂടെ മനുഷ്യൻ അനുഗ്രഹിക്കപ്പെട്ടു എന്ന് പറയാൻ കഴിയൂ. അതില്ലാതെ വന്നാൽ എന്തുപറ്റും? വചനങ്ങൾ പറയുന്നു: ”നിന്റെതന്നെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക; നിന്റെ അവിശ്വസ്തതയായിരിക്കും നിന്നെ കുറ്റം വിധിക്കുക. നിന്റെ കർത്താവായ ദൈവത്തെ ഉപേക്ഷിക്കുന്നത് എത്ര ദോഷകരവും കയ്പുനിറഞ്ഞതുമാണെന്ന് നീ അനുഭവിച്ചറിയും. എന്നെക്കുറിച്ചുള്ള ഭയം നിന്നിലില്ല എന്ന് സൈന്യങ്ങളുടെ കർത്താവായ ദൈവം അരുളിച്ചെയ്യുന്നു” (ജറെമിയ 2:19).
ഡാഡീ എന്നോട് ഒന്നു മിണ്ടാമോ എന്നു ചോദിക്കുന്ന അഞ്ജുമാരും എന്നോട് ഒരിത്തിരിനേരം മിണ്ടിക്കൂടെ എന്ന് ചോദിക്കുന്ന ഭാര്യമാരും മക്കളേ, നിങ്ങൾ വല്ലപ്പോഴുമെങ്കിലും അപ്പാ, അമ്മേ എന്ന് വിളിക്ക് എന്ന് യാചിക്കുന്ന വല്യപ്പന്മാരും വല്യമ്മച്ചിമാരുമെല്ലാം നമ്മുടെയിടയിൽത്തന്നെയുണ്ട്. അവരെ തിരിച്ചറിഞ്ഞിട്ടും അവർക്കർഹമായ സ്‌നേഹം പകർന്നു കൊടുക്കാൻ നാം തയാറായില്ലെങ്കിൽ നാം ചെയ്യുന്നത് തെറ്റുതന്നെയാണ്. ‘ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അതു ചെയ്യാത്തവൻ പാപം ചെയ്യുന്നു’ എന്ന തിരുവചനം നമ്മെ തിരിച്ചറിവിലേക്കും അനുതാപത്തിലേക്കും നയിക്കട്ടെ.
ദൈവത്തെക്കുറിച്ചുള്ള അറിവിൽ അവർക്കു തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു (ജ്ഞാനം 14:22). ദൈവവും മനുഷ്യനും തമ്മിലും മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള ബന്ധങ്ങൾ ശിഥിലമാക്കത്തക്കവിധത്തിൽ മാധ്യമസംസ്‌കാരം മാരകമായ കാൻസർപോലെ പടർന്നു വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ടി.വി, ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയ മാധ്യമങ്ങളെ നിർത്തേണ്ടിടത്തു നിർത്തുവാനുള്ള ഉൾക്കാഴ്ചയും വിവേകവും ലഭിക്കുവാൻവേണ്ടി നമുക്ക് പരിശുദ്ധാത്മാവായ ദൈവത്തോട് പ്രാർത്ഥിക്കാം.

No comments:

Post a Comment